തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. മര്‍ദ്ദനമേറ്റ കൗണ്‍സിലര്‍ ലാലി ജയിംസിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരാതിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ടി.ആര് സന്തോഷിനെതിരെ പോലീസ് കേസ് എടുത്തു. ഇന്ന് ഉച്ചയോടെ ആയിരുന്നു കോര്‍പ്പറേഷനിലെ കയ്യാങ്കളി.
പ്രതിപക്ഷ നേതാവിന്റെ മുറിയില്‍ വെച്ചാണ് ലാലി ജെയിംസിന് മര്‍ദ്ദനമേറ്റത്. തൃശൂരില്‍ കോര്പ്പറേഷന് ഭരിക്കുന്നത് ഇടതുമുന്നണിയാണ്. ഭരണ നേതൃത്വത്തിന് എതിരായ അഴിമതി ആരോപണങ്ങളില്‍ സന്ധി ചെയ്യുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ലാലിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ശക്തമായി രംഗത്തെത്തിയിരുന്നു.
ശക്തമായ നിലപാട് സ്വീകരിക്കുന്നത് മൂലം ഏറെ പ്രയാസം നാളുകളായി അനുഭവിക്കുകയാണെന്ന് ലാലി ജെയിംസ് പറഞ്ഞു. പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോലും ആലോചിക്കുകയാണെന്നും ലാലി ജെയിംസ് ജനം ടിവി യോട് വ്യക്തമാക്കി.