കൊല്ലം: കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് നേരെ തെരുവ് നായ ആക്രമണം. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കൊല്ലം അഞ്ചലിലെ അഗസ്ത്യകോട് ആണ് അപകടമുണ്ടായത്. അഞ്ചൽ സ്വദേശികളായ അനിൽ കുമാർ, സുജിത്ത് എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പലയിടത്തും സമാനമായ രീതിയിൽ തെരുവുനായ അപകടമുണ്ടാക്കിയ സാഹചര്യമുണ്ടായി. ഇരുചക്രവാഹനങ്ങളാണ് അപകടങ്ങളിൽ പെടുന്നതിൽ കൂടുതലും.
അതേസമയം കോഴിക്കോട് അരക്കിണറിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തെരുവ് നായ കടിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥിനി നൂറാസിനെ തെരുവ് നായ ആക്രമിക്കുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. സൈക്കിൾ ഓടിക്കുന്നതിനിടെ നായ കുട്ടിക്ക് നേരെ ചാടിക്കയറി ആക്രമിക്കുകയായിരുന്നു.