കോവിഡ് 19 വ്യാപനം ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളെ യാതൊരു വിധത്തിലും ബാധിക്കില്ല. ഈ സാഹചര്യത്തില്‍ രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമാണോ എന്ന ആശങ്ക പൊതു ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നതിനാല്‍ ഇതേ വിഷയത്തെക്കുറിച്ച് പഠിക്കുന്നതിനായി ഒരു വിദഗ്ധ കമ്മിറ്റിയെ ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിയോഗിക്കുകയുണ്ടായി. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് ഭക്ഷ്യവസ്തുക്കള്‍ വഴി കോവിഡ് 19 പടരുന്നതായി തെളിയിക്കുന്ന യാതൊരു റിപ്പോര്‍ട്ടും ലഭ്യമായിട്ടില്ല എന്നും കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിട്ടുളള ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമാണെന്നുമുളള അറിയിപ്പ് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി ലഭ്യമാക്കിയിട്ടുണ്ട്. ശരിയായ താപനിലയില്‍ പാകം ചെയ്ത ഇറച്ചി സുരക്ഷിതമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
മുന്‍കരുതലുകള്‍ എന്ന രീതിയില്‍ പാകം ചെയ്യാത്തതോ ശരിയായ രീതിയില്‍ പ്രോസസ് ചെയ്യാത്തതോ ആയ ഇറച്ചി ഒഴിവാക്കാനും കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു. പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും ശരിയായ രീതിയില്‍ വൃത്തിയാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. ശീതീകരിച്ച ഇറച്ചി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ശരിയായ താപനിലയില്‍ പാകം ചെയ്ത് മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ.