കൊറോണവൈറസ് പടരുന്ന പശ്ചാത്തലത്തിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ട് താൽക്കാലികമായി അടച്ചു. നിരവധി രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഇതിനോടകം റദ്ദാക്കിയതിന് പിന്നാലെയാണിത്. ടെർമിനൽ രണ്ടിൽ സർവീസ് നടത്തിയിരുന്ന വിമാനങ്ങൾ ഒന്നിലേക്ക് തിരിച്ച് വിടാനും തീരുമാനമായി. ദുബായിൽ എല്ലാ ബാറുകളും പബുകളും ഇന്നു മുതൽ മാർച്ച് അവസാനം വരെ അടച്ചതായി അധികൃതർ അറിയിച്ചു.
റസ്റ്ററന്റുകൾക്ക് പ്രവർത്തിക്കാമെങ്കിലും മദ്യം വിൽക്കാൻ പാടുള്ളതല്ലന്ന് വിനോദസഞ്ചാര വ്യാപാര വിപണന വിഭാഗം വ്യക്തമാക്കി.ദുബായ് മാളിലെ വിവിധ വിനോദകേന്ദ്രങ്ങൾ, ബുർജ് ഖലീഫയിലെ അറ്റ് ദ് ടോപ് എന്നിവ താത്കാലികമായി അടച്ചു.ദുബായ് മാളിലെ അക്വേറിയം ആൻഡ് അണ്ടർവാട്ടർ സൂ എന്നിവയും പ്രവർത്തനം നിർത്തിയവയിൽ ഉൾപ്പെടും.കൂടാതെ, ദുബായ് ഓ പറ, ദുബായ് ഐസ് റിങ്ക്, വിആർ പാർക് ദുബായ് തുടങ്ങിയവയും ഈ മാസം അവസാനം വരെ അടച്ചതായി ഇവയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഇമാർ അധികൃതർ വ്യക്തമാക്കി.