മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുംബൈ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെ തുടർന്ന് സിആർപിഎഫ് മഹാരാഷ്ട്ര പൊലീസിന് കത്തയച്ചു. സെക്യൂരിറ്റി ജീവനക്കാരനെന്ന വ്യാജേന അമിത് ഷായ്ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ഹേമന്ത് പവാർ എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രിക്കൊപ്പം അതീവ സുരക്ഷാ മേഖലയിലേക്കും ഇയാൾ പ്രവേശിച്ചു. ആന്ധ്രയിൽ നിന്നുള്ള ഒരു എംപിയുടെ പേഴ്സണൽ സ്റ്റാഫാണ് ഹേമന്ദ് എന്നാണ് പൊലീസ് പറയുന്നത്.
സുരക്ഷ വീഴ്ചയില്‍ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഷായ്ക്ക് സുരക്ഷ നൽകുന്ന സിആർപിഎഫിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഐ.ഡി. കാർഡ് ധരിച്ചാണ് ഹേമന്ത് പവാർ പരിപാടിയിൽ പങ്കെടുത്തത്. ഹേമന്ത് ധരിച്ചിരുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ തിരിച്ചറിയൽ കാർഡ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതായാണ് വിവരം.
“ഒരു നടപടിക്രമമെന്ന നിലയിൽ ഞങ്ങൾ മഹാരാഷ്ട്ര പൊലീസിന് കത്തെഴുതും. സിആർപിഎഫ് ജവാൻമാരുടെ ശ്രദ്ധയിൽപ്പെട്ട പ്രതിയെ സമീപത്ത് നിന്ന് തന്നെ കണ്ടെത്തി. സന്ദർശന സ്ഥലത്തിന്റെ സുരക്ഷ സംസ്ഥാന പൊലീസിന്റെ പക്കലായിരുന്നു. ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്താൻ ഞങ്ങൾ അവരോട് ആവശ്യപ്പെടും,” മുതിർന്ന സിആർപിഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.