കൊവിഡ് 19 ഏറെ ആശങ്കയും ഭയവുമാണ് സാധാരണക്കാരില്‍ നിറയ്ക്കുന്നത്. എന്നാല്‍ ഭയത്തിനോ ആശങ്കയ്ക്കോ അല്ല മുന്‍കരുതലിനാണ് ഈ ഘട്ടത്തില്‍ നാം പ്രാധാന്യം നല്‍കേണ്ടത്. ഇതെക്കുറിച്ച് തന്നെയാണ് ആരോഗ്യവകുപ്പും ആരോഗ്യവിദഗ്ധരും വീണ്ടും ഊന്നിപ്പറയുന്നതും.
രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നതാണ് നിലവിലെ സാഹചര്യത്തോട് പിടിച്ചുനില്ക്കാന് നമ്മെ സഹായിക്കുന്ന ഒരു തയ്യാറെടുപ്പ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും പനിക്കാലം വരാറുണ്ട്, അല്ലേ
ഇത്തരത്തില്‍ പകര്‍ന്നുകിട്ടുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ നമുക്ക് അടിസ്ഥാനപരമായി വേണ്ടത് ‘ഇമ്മ്യൂണിറ്റി’ അഥവാ പ്രതിരോധശേഷിയാണ്. അതില്ലെങ്കില്‍ എളുപ്പത്തില്‍ രോഗങ്ങള്‍ പകര്‍ന്നുകിട്ടാന്‍ സാധ്യത കൂടുതലാണ്. മുഖ്യമായും ഭക്ഷണത്തിലൂടെ തന്നെയാണ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശ്രമിക്കേണ്ടത്. അതിന് സഹായകമാകുന്ന ഒരു ജ്യൂസിനെ കുറിച്ചാണ് ഇനി പറയുന്നത്.
നെല്ലിക്ക, ഇഞ്ചി, മല്ലിയില/ പുതിനയില എന്നിവ ചേര്‍ത്താണ് ഈ ജ്യൂസ് തയ്യാറാക്കേണ്ടത്. ജലദോഷം പോലുള്ള അണുബാധകളെയെല്ലാം ചെറുക്കുന്ന കാര്യത്തില്‍ വളരെ മുന്നിലാണ് നെല്ലിക്ക. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി ആണ് ഇത്തരത്തില്‍ രോഗാണുക്കളെ ചെറുത്ത് തോല്പിക്കാന് നമ്മെ സഹായിക്കുന്നത്.