മൂന്നാറിലെ ഹോട്ടലിൽ നിരീക്ഷണത്തിലായിരുന്ന കൊവിഡ് ബാധിതനായ ബ്രിട്ടൺ സ്വദേശിയും സംഘവും കൊച്ചിയിലെത്തി വിമാനത്തിൽ കയറിയത് ആശങ്ക പരത്തുന്നു. രോഗ ലക്ഷണങ്ങൾ ഉണ്ടെന്ന് കണ്ടെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇയാൾ. കെടിഡിസി ഹോട്ടലിലായിരുന്നു ബ്രിട്ടണിൽ നിന്നുള്ള പത്തൊമ്പതംഗ സംഘം താമസിച്ചിരുന്നത്.
ആരോഗ്യ പ്രവര്‍ത്തരുടെയും ജില്ലാ ഭരണകൂടത്തിന്റെയും കണ്ണ് വെട്ടിച്ച് ഇവരെങ്ങനെ കൊച്ചിയിലെത്തി. ഹോട്ടൽ അധികൃതര്‍ അറിയാതെ ബാഗുകളുമായി ഇവർ എങ്ങനെ പുറത്തെത്തി. അധികൃതരുടെ കണ്ണുവെട്ടിച്ച് വിമാനത്തിൽ കയറിയതെങ്ങനെ, സഞ്ചരിച്ച വാഹനം, ആഹാരം കഴിക്കാൻ അടക്കം ഇവര്‍ എവിടെയെങ്കിലും ഇറങ്ങിയിരുന്നോ, ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയോ തുടങ്ങിയ നിരവധി കാര്യങ്ങളിൽ സംശയം നിലനിൽക്കുകയാണ്.