പള്ളിമൺ ഇളവൂർ ധനീഷ് ഭവനിൽ ദേവനന്ദയുടെ(7) മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു. ദേവനന്ദയുടെ മരണം സ്വാഭാവിക മുങ്ങി മരണമെന്ന ശാസ്ത്രീയ പരിശോധന ഫലം ഇവര്‍ വിശ്വാസത്തിലെടുക്കാന്‍ തയ്യാറായിട്ടില്ല. കുട്ടി അബദ്ധത്തിൽ കാൽ വഴുതി ആറ്റിൽ വീണതിനെ തുടർന്നാണെന്നായിരുന്നു പോസ്റ്റ് മോർട്ടത്തിലെയും ഫൊറൻസിക് വിദ്ഗധരുടെയും കണ്ടെത്തൽ. ഇതോടെ കേസ് അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് പോലീസ്. അന്വേഷണം അവസാനിപ്പിച്ചാല്‍ വനന്ദയുടെ മരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാൻ സാധിക്കാതെ പോകുമെന്നാണ് വീട്ടുകാരുടെ പരാതി.
ദേവനന്ദയുടെ മൃതദേഹം ആറ്റിൽ നിന്നും കിട്ടിയ നാൾ മുതൽ കേസ് ക്രൈംബ്രാഞ്ചോ സി.ബി.ഐയോ അന്വേഷിക്കണമെന്ന വിവിധ കോണുകളിൽ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. കുട്ടിയുടെ മരണം അബദ്ധത്തിൽ കാൽ വഴുതി വീണ് മുങ്ങി മരിച്ചതാണെന്ന് കണ്ടെത്തിയെങ്കിലും ഇതിനുണ്ടായ സാഹചര്യം കണ്ടെത്താൻ ലോക്കൽ പൊലീസിന് സാധിച്ചിട്ടില്ല. 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇനിയും അന്വേഷണം തുടരുമെന്നാണ് ലോക്കൽ പൊലീസ് പറയുന്നതെങ്കിലും ഇതിൽ പരാതിക്കാര്‍ അസംതൃപ്തരാണ്.