കോവിഡ് സംശയത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ തൊടുപുഴ സ്വദേശി ലിനോ ആബേലിന്റെ ത്യാഗം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിതാവ് മരിച്ചിട്ടും മറ്റുള്ളവർക്ക് അസുഖം ഉണ്ടാകരുതെന്ന ആഗ്രഹത്താൽ ലിനോ സ്വയം ഐസൊലേഷൻ സ്വീകരിക്കുകയായിരുന്നു. ഉറക്കത്തില്‍ കട്ടിലില്‍ നിന്നു വീണ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അച്ഛനെ കാണാൻ എട്ടാം തീയതിയാണ് ഖത്തറില്‍ നിന്ന് ലിനോ ആബേല്‍ നാട്ടില്‍ എത്തിയത്. എന്നാല്‍, ലിനോക്ക് ചുമയും തൊണ്ടക്ക് അസ്വസ്ഥതയും ഉണ്ടായതോടെ ആശുപത്രിയിലെ കൊറോണ വിഭാഗത്തിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍, രാത്രിയോടെ പിതാവ് മരിച്ചു. പിതാവ് മരിച്ച് തൊട്ടരികില്‍ ഉണ്ടായിട്ടും അവസാനമായി ഒന്ന് കാണാന്‍ കഴിയാതെ ഐസൊലേഷന്‍ വാര്‍ഡിലെ 205ാം മുറിയിലെ ജനാലയിലൂടെ മൃതദേഹം കൊണ്ടുപോകുന്നത് നോക്കി നില്‍ക്കേണ്ടി വന്ന അവസ്ഥ കണ്ണീരോടെയാണ് കേരളം അറിഞ്ഞത്. ശനിയാഴ്ച രാവിലെ 11ഓടെയാണ് പരിശോധനഫലം നെഗറ്റിവാണെന്ന് വിവരം ലഭിക്കുന്നത്. തുടർന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നിറങ്ങി ലിനോ സുഹൃത്തുക്കള്‍ക്കൊപ്പം തൊടുപുഴ കലയന്താനിയിലെ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ എത്തിയിരുന്നു . കണ്ണീരോടെയായിരുന്നു യുവാവിന്റെ മടക്കം. 22 ദിവസം കൂടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദേശമെന്നും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിക്കുമെന്നും ലിനോ പറഞ്ഞു