വഡോദര: ഗുജറാത്തിലെ സബർമതി നദിയിൽ കാൽ നടയാത്രക്കാർക്കായി നിർമ്മിച്ച അടൽ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേരിൽ നിർമ്മിച്ച ഈ പാലം രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയപ്പോഴാണ് മോദി ഉദ്ഘാടനം ചെയ്തത്.
നടപ്പാലം നദിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള പൂന്തോട്ടത്തെ കിഴക്ക് ഭാഗത്തുള്ള കലാസാംസ്കാരിക കേന്ദ്രവുമായി ബന്ധിപ്പിക്കുന്നു. നദിയുടെ കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളെ ബന്ധിപ്പിക്കുകയാണ് ഫുട് ഓവർബ്രിഡ്ജിന്റെ ലക്ഷ്യമെന്ന് സംസ്ഥാന സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനാണ് പാലം നിർമ്മിച്ചത്.
300 മീറ്റർ നീളവും 14 മീറ്റർ വീതിയുമുള്ള ഈ പാലത്തിൽ എൽഇഡി ലൈറ്റിംഗും കണ്ണുകൾക്ക് ആനന്ദം പകരുന്ന നൂതന രൂപകൽപ്പനയും ഉണ്ട്. പ്രധാന പാലത്തിലെ ഗതാഗതം കണക്കിലെടുക്കാതെ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും നദി മുറിച്ചുകടക്കാം. കുറച്ച് നേരം നദിയുടെ കാഴ്ചകൾ കാണാനും വശങ്ങളിൽ നിൽക്കാനും കഴിയും.