ലോക മാരത്തണുകളില്‍ പ്രസിദ്ധമായ ലണ്ടന്‍ മാരത്തണ്‍ കോവിഡ്-19 നെ തുടര്‍ന്ന് മാറ്റിവച്ചു. വരുന്ന ഏപ്രില്‍ മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മാരത്തണാണ് ഒക്ടോബറിലേക്ക് മാറ്റുന്നതായി അധികൃതര്‍ അറിയിച്ചത്.
‘ അടുത്തമാസം നടക്കേണ്ടിയിരുന്ന മാരത്തണ്‍ ലോകം മുഴുവന്‍ വ്യാപിച്ച കോവിഡ്-19 മൂലം അനിശ്ചിതത്വത്തിലാണ്. നിരവധി കായികതാരങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ട കായിക ഇനത്തിന് നിലവിലെ അന്തരീക്ഷം അനുകൂലമല്ല. മാരത്തണിന്റെ 39 വര്‍ഷത്തെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ മാറ്റിവക്കേണ്ടിവന്നത്.’ മുഖ്യ സംഘാടകനായ ഹ്യൂഗ് ബ്രാഷര്‍ അറിയിച്ചു.
‘ ലോകം ഭീതിയിലാണ്. പൊതു ആരോഗ്യത്തിന് എല്ലാവരും മുന്‍ഗണന കൊടുക്കണം. ഏറെ നാളത്തെ പരിശീലനം നടത്തി തയ്യാറെടുത്ത കായിക താരങ്ങളെ വിവരം അറിയിക്കുന്നതില്‍ വിഷമമുണ്ട്. പലരും നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സ്വരൂപിക്കാനായിട്ടാണ് ഇത്തരം കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നത്. ഒപ്പം ലക്ഷ ക്കണക്കിനാളുകളാണ് ദൃശ്യമാദ്ധ്യമങ്ങളിലൂടെ മാരത്തണ്‍ കാണാറുള്ളത്. എല്ലാവരും സ്ഥിതിഗതികളെക്കുറിച്ച് നല്ല ബോധവാന്മാരാണെന്ന് മനസ്സിലാക്കുന്നു.’ ഹ്യൂഗ് പറഞ്ഞു.
40-ാം മത് ലണ്ടന്‍ മാരത്തണില്‍ അരലക്ഷം പേര് പങ്കുചേരുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം 43000 പേരാണ് പങ്കുചേര്‍ന്നത്. വിവിധ സന്നദ്ധ പ്രവര്‍ത്തനത്തിനായി 600 കോടി രൂപയോളമാണ് ലണ്ടന്‍ മാരത്തണ്‍ നടത്തിപ്പിലൂടെ സമാഹരിക്കാറുള്ളത്. ഏപ്രില്‍ 5ന് നടക്കേണ്ടിയിരുന്ന മാഞ്ചസ്റ്റര്‍ മാരത്തണും മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു.