കോട്ടയം ജില്ലയില്‍ കൊറോണ വൈറസ് ബാധയുള്ള നാലുപേരുടെ ആരോഗ്യ നില തൃപ്തികരം. അതേസമയം രോഗം സംശയിക്കാവുന്ന ലക്ഷണങ്ങളുമായി രണ്ടു പേരേക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ 70കാരനെയും ദുബായില്‍ നിന്നെത്തിയ ഇടുക്കി സ്വദേശിനിയായ യുവതിയെയുമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
ഇവര്‍ ഉള്‍പ്പെടെ 11 പേരാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 10 പേരും ജില്ലാ ആശുപത്രിയില്‍ ഒരാളുമാണുള്ളത്. പുതിയതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. വീടുകളില്‍ 1051 പേര് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍നിന്ന് എത്തിയവരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ഉള്‍പ്പെടെ 155 പേര്‍ക്കുകൂടി ആരോഗ്യ വകുപ്പ് പൊതുസമ്പര്‍ക്കമില്ലാതെ വീട്ടില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.