ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിൽ നിന്ന് സമ്മാനം വാങ്ങിയത് താന്‍ മാത്രമല്ലെന്ന് നടി ജാക്വിലിന് ഫെർണാണ്ടസ്. മറ്റ് ചില സെലിബ്രിറ്റികൾക്കും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ പ്രതിയായത് താന്‍ മാത്രമാണെന്ന് ജാക്വിലിന് പറഞ്ഞു.
കള്ളപണ നിരോധന നിയമപ്രകാരമുള്ള കേസുകളുടെ അപ്പീലിയേറ്റ് അതോറിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച ഹർജിയിലാണ് നടി ഇക്കാര്യങ്ങൾ ഉന്നയിച്ചത്. സുകേഷ് ചന്ദ്രശേഖർ 200 കോടിയുടെ തട്ടിപ്പാണ് നടത്തിയത്. ജാക്വിലിനും ഈ കേസിൽ പ്രതിയാണെന്ന് ഇ.ഡി പറയുന്നു.
നോറ ഫത്തേഹി ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ സുകേഷ് ചന്ദ്രശേഖറിൽ നിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. പക്ഷേ, അവരെല്ലാം സാക്ഷികളായി. എന്നാൽ തന്നെ അനാവശ്യമായി പ്രതിയാക്കി കേസിലേക്ക് വലിച്ചിഴച്ചെന്നാണ് ജാക്വിലിൻ പറയുന്നത്. സ്ഥിരനിക്ഷേപങ്ങളും സ്വത്തുക്കളും കണ്ടുകെട്ടിയതിനെയും നടി ഹർജിയിൽ ചോദ്യം ചെയ്തു.