തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ ബന്ധുനിയമനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏത് ബിൽ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല. ബന്ധുനിയമനത്തിൽ ചാൻസലർ എന്ന നിലയിൽ ലജ്ജിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, നിയമം പാസാക്കാൻ നിയമസഭയ്ക്ക് അധികാരമുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ബില്ലിൽ ഒപ്പിടുമോ ഇല്ലയോ എന്ന ചോദ്യം പ്രസക്തമല്ല. ബിൽ ഭരണഘടനാപരമാണോ എന്ന് പരിശോധിച്ച ശേഷം ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു. 2019 ഡിസംബറിൽ കണ്ണൂർ സർവകലാശാലയിൽ നടന്ന ഇന്ത്യൻ ചരിത്രകോൺഗ്രസിന്റെ വേദിയിൽ വച്ച് തനിക്കെതിരെ ആക്രമണശ്രമം നടന്നത് കേരളത്തിൽ ആയതുകൊണ്ടാണെന്ന് ഗവർണർ നേരത്തെ ആരോപിച്ചിരുന്നു.
അലിഗഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നതിനെ ചരിത്രകാരൻ ഇർഫാൻ ഹബീബ് എതിർത്തിരുന്നുവെങ്കിലും അദ്ദേഹത്തെ തടയാൻ ശ്രമിച്ചില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി. അവിടെ ഭരിക്കുന്നത് യോഗി സർക്കാരായതു കൊണ്ടാണ് അതെന്നും ഗവർണർ അഭിപ്രായപ്പെട്ടിരുന്നു.