തിരുവനന്തപുരത്ത് കൊറോണ സംശയിക്കുന്നയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കളക്ടർ കെ ഗോപാലകൃഷ്ണൻ. യുവാവ് സഞ്ചരിച്ച ഓട്ടോറിക്ഷാ ഡ്രൈവറെയും അടുത്ത് ബന്ധം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കി. വൈകിട്ടോടെ അന്തിമ പരിശോധനാഫലം ലഭിക്കുമെന്നും കളക്ടർ പറഞ്ഞു.
ദോഹയിൽ നിന്ന് ഖത്തർ എയർവെയ്സിൻറെ QR 506 വിമാനത്തിൽ ബുധനാഴ്ച പുലർച്ചെയാണ് വെള്ളനാട് സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. 92 പേരാണ് യുവാവിനൊപ്പം സഞ്ചരിച്ചത്. ഇതിൽ 31 പേർ അടുത്ത സീറ്റുകളിൽ യാത്രചെയ്തവരാണ്. ഇവരെ കണ്ടെത്തി വീടുകളിൽ നിരീക്ഷണത്തിലാക്കിയതായി കളക്ടർ പറഞ്ഞു.
വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷം ഇയാളുമായി സമ്പർക്കം പുലർത്തിയ ഏഴോളം പേരും നിരീക്ഷണത്തിലാണ്. വിമാനത്തിൽ സഞ്ചരിച്ചിരുന്ന 20 വിദേശികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും കളക്ടർ വ്യക്തമാക്കി. എയർപോർട്ടിൽ നടത്തിയ പരിശോധനയിൽ രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ യുവാവ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
എന്നാൽ പിന്നീട് വീട്ടിൽ എത്തിയ ശേഷം രോഗലക്ഷണങ്ങൾ പ്രകടമായതോടെ മെഡിക്കൽ കോളേജിൽ സ്വമേധയാ ചികിത്സ തേടി. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തതിനാൽ ഓട്ടോഡ്രൈവറെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആലപ്പുഴ വൈറോളജി ലാബിലാണ് യുവാവിന്റെ രക്തസാമ്പിൾ പരിശോധനയ്ക്കയച്ചിരിക്കുന്നത്. വൈകിട്ടോടെ അന്തിമ പരിശോധനാ ഫലം ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
അതേസമയം പരിശോധനയ്ക്ക് ശേഷം ആംബുലൻസിൽ തന്നെ പോകണമെന്ന നിർദേശം ആരോഗ്യ പ്രവര്‍ത്തകരിൽ നിന്നോ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരിൽ നിന്നോ ലഭിച്ചില്ലെന്ന് ഐസൊലേഷനിൽ കഴിയുന്ന യുവാവ് പറഞ്ഞു. കൂടുതൽ ആളുകളോട് സമ്പര്‍ക്കം പുലർത്തിയിട്ടില്ലെന്നും യുവാവ് പ്രതികരിച്ചു.