കൊറോണ വൈറസ് രാജ്യത്ത് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കേന്ദ്ര മന്ത്രിമാർ വിദേശപര്യടനം നടത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭയപ്പെടുകയല്ല, മുൻകരുതലെടുക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ പറഞ്ഞു.
വലിയ ഒത്തുചേരലുകൾ ഒഴിവാക്കുന്നതിലൂടെ രോഗ വ്യാപനത്തിന്റെ ശൃംഖല തകർക്കാനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ പൗരന്മാർ തയ്യാറാകണം.
കൊറോണ ബാധ ലോകവ്യാപകമായ പശ്ചാത്തലത്തിൽ നയതന്ത്ര വിസകൾ ഒഴികെ വിദേശികൾക്ക് അനുവദിച്ചിട്ടുള്ള എല്ലാ വിസകളും റദ്ദാക്കിയതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ലോക്സഭയിൽ അറിയിച്ചു. ചൈന, കൊറിയ, ഇറാൻ, സ്പെയിൻ, ഫ്രാൻസ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരെയും ക്വാറന്റൈൻ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.