ജയ്പൂർ: രാജ്യത്ത് ഗോഹത്യയുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്ക് പിന്നാലെ ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന പുറത്ത്. പശുവിനെ കശാപ്പ് ചെയ്യുന്നവരെ കൊല്ലണമെന്നും ഇതുവരെ തങ്ങള്‍ അഞ്ച് പേരെ കൊന്നെന്നുമാണ് ബിജെപി മുന്‍ എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജയുടെ വാക്കുകള്‍. പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
2017ലും 2018ലുമാണ് ഇവയില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നത്. അവയിലൊന്ന് ഗ്യാന്‍ ദേവ് അഹൂജ എംഎല്‍എ ആയിരുന്ന രാംഗറിലാണ് നടന്നത്. പെഹ്ലുഖാന്റെയും രഖ്ബര്‍ ഖാന്റെയും കൊലപാതകങ്ങളാണ് രണ്ടെണ്ണമെന്ന് പറഞ്ഞ ബിജെപി നേതാവ് കൊല്ലപ്പെട്ട മറ്റ് മൂന്നുപേരുടെ പേര് പുറത്തുവിട്ടില്ല.
‘ഞാനവര്‍ക്ക് കൊല്ലാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ തന്നെ അവരെ രക്ഷിക്കുകയും ജാമ്യം വാങ്ങിക്കൊടുക്കുകയും ചെയ്യും.’ ഗ്യാന്‍ ദേവ് അഹൂജ വിഡിയോയില്‍ പറയുന്നു. പെഹ്ലുഖാന്റെ കൊലപാതകത്തിലെ ആറ് പ്രതികളെയും 2019ല്‍ വെറുതെവിട്ടെങ്കിലും അപ്പീല്‍ ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. രഖ്ബര്‍ ഖാന്റെ കൊലപാതകത്തില്‍ ഇപ്പോഴും വിചാരണ നടക്കുകയാണ്.