മനാമ: ബഹ്റൈനിലെ ഒരു കൂട്ടം കലാകാരമാർ നിർമ്മിച്ച് യു ടൂബിലൂടെ റിലീസ് ചെയ്ത ‘കാൻ ബി ടച്ച്ഡ് ‘ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.
ആർത്തവം അയിത്തമല്ലെന്ന ഓർമ്മപ്പെടുത്തലാണ് ചിത്രത്തിന്റെ പ്രമേയമെങ്കിലും ഭിന്നശേഷിക്കാരായ മക്കൾ ഉള്ള കുടുംബങ്ങളിൽ ഉണ്ടായേക്കാവുന്ന നിസ്സഹായ അവസ്ഥകൾ വരച്ചുകാട്ടുകയാണ് ഏഴര മിനുട്ട് നീണ്ടു നിൽക്കുന്ന ചിത്രം. സംഭാഷണങ്ങളില്ലാതെ തന്നെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നതിൽ അണിയറ പ്രവർത്തകർ വിജയിച്ചു എന്നാണ് കാണികളുടെ വിലയിരുത്തൽ.
ചിത്രത്തിന്റെ ആശയവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് അച്ചു അരുൺ രാജ് ആണ്. രോഷിണി എം രവീന്ദ്രൻ ക്രീയേറ്റീവ് ഹെഡ് ആയി പ്രവർത്തിച്ച ഈ ഹ്രസ്വചിത്രത്തിന്റെ കഥ പ്രേം വാവയുടേതാണ്. ഉണ്ണി (അരുൺ ) ക്യാമറയിൽ പകർത്തിയ ചിത്രത്തിന്റെ സംയോജനം നന്ദു രഘുനാഥ് ആണ്. ആഗസ്ത് പതിനേഴാം തിയ്യതി യു ട്യൂബ് വഴി റിലീസ് ചെയ്ത ഈ ചിത്രം ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്. സൗമ്യ കൃഷ്ണപ്രസാദ്, ഐശ്വര്യ , അച്ചു അരുൺ രാജ് എന്നിവർ വേഷമിട്ടിരിക്കുന്ന ഈ ഹ്രസ്വചിത്രത്തിൽ രഞ്ജു, അനുപമ ബിനു എന്നിവർ സംവിധാന സഹായികളായി പ്രവർത്തിച്ചിരുന്നു.