ന്യൂഡൽഹി: എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒരൊറ്റ ചാർജർ എന്ന നയം സ്വീകരിക്കാൻ കേന്ദ്രസർക്കാർ. മൊബൈൽ മുതൽ പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വരെ ഒരൊറ്റ ചാർജർ ഉപയോഗിക്കുകയാണ് പുതിയ നീക്കത്തിന് പിന്നിൽ. ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിങ്ങിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിർമ്മാതാക്കൾ, ലാപ്ടോപ്പ് നിർമ്മാതാക്കൾ, മൊബൈൽ ഫോൺ നിർമ്മാതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഇതിന് പുറമെ സിഐഐ, ഫിക്കി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും ഐഐടി ഡൽഹി, ഐ.ഐ.ടി ബി.എച്ച്.യു എന്നിവിടങ്ങളിൽ നിന്നുള്ളവരും യോഗത്തിൽ പങ്കെടുക്കും. കോമൺ ചാർജർ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചായിരിക്കും ചർച്ച. ഇക്കാര്യത്തിൽ നിർമ്മാതാക്കളുടെ ആശങ്കകൾ കണക്കിലെടുക്കുമെന്ന് രോഹിത് കുമാർ സിങ്ങ് പറഞ്ഞു.
പരമാവധി ഇവേസ്റ്റ് ഒഴിവാക്കുക എന്നതാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. യൂറോപ്യൻ യൂണിയൻ വൺ-ചാർജർ നയത്തിലേക്ക് മാറാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി എല്ലാ ഉപകരണങ്ങളിലും ടൈപ്പ് സി ചാർജർ വ്യാപകമാക്കാനുള്ള നടപടികൾ യുറോപ്യൻ യൂണിയൻ ആരംഭിച്ചിട്ടുണ്ട്.