ഇറ്റലിയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ സംഘത്തെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഘത്തിലാര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് ഉറപ്പുവരുത്താന്‍ മെഡിക്കല്‍ സംഘത്തെ അങ്ങോട്ട് അയയ്ക്കും. യുദ്ധസമാനമായ സാഹചര്യം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട് .
ഇറാനിലും ഇറ്റലിയിലും കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ അറിയിച്ചു. കോറോണ രോഗം പടര്‍ന്നു പിടിച്ച ചൈനയിലും ഇറ്റലിയിലും നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണമുണ്ട്. അസുഖം ബാധിച്ചവരെ വിമാനത്തില്‍ കൊണ്ടുവന്നാല്‍ രോഗമില്ലാത്തവര്‍ക്കും പടരാനിടയുണ്ട്. അതുകൊണ്ടാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. ഇറ്റലിയില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് മെഡിക്കല്‍ സംഘത്തെ അയക്കാന്‍ തീരുമാനിച്ചത്. രോഗമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരും. രോഗബാധയുള്ളവര്‍ക്ക് ഇറ്റലിയില്‍ ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കും.
ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ എല്ലാ നടപടിയും സ്വീകരിച്ചു. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാദ്ധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ പരിമിതിയുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ഇതിനര്‍ത്ഥമില്ല. ചൈനയിലും ജപ്പാനിലും ഇറാനിലും കുടുങ്ങിയവരെ തിരിച്ചെത്തിച്ചത് കേന്ദ്ര മന്ത്രിതല സമിതിയുടെ തീരുമാനപ്രകാരമാണെന്നും വി.മുരളീധരന് പറഞ്ഞു..
ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ വൈകുന്നുവെന്ന് പ്രചരിപ്പിച്ച് കേരളത്തിലെ സര്‍ക്കാരും പ്രതിപക്ഷവും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് വി.മുരളീധരന് ആരോപിച്ചു. ‘രോഗിയായതുകൊണ്ട് ആളുകളെ കൈയ്യൊഴിയാമോ’ എന്നു നിയമസഭയില്‍ ചോദിച്ച് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെ വസ്തുതാവിരുദ്ധമായി കടന്നാക്രമിക്കുന്നത് അപലപനീയമാണ്. കൊറോണ പടരുന്ന സാഹചര്യത്തെ കേന്ദ്രസര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. രാജ്യം ഒറ്റക്കെട്ടായി ഇതിനെ നേരിടണം.കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം മറച്ചു വച്ച് സ്ഥാപിത താത്പര്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്ന രീതി ഈ മഹാ വ്യാധിയുടെ കാര്യത്തിലെങ്കിലും മാധ്യമങ്ങള്‍ ഉപേക്ഷിക്കണമെന്ന് വി.മുരളീധരന് പറഞ്ഞു.