അവനീബാല
“കോൺഗ്രസ് സർക്കാരുകളെ താഴെ ഇറക്കുന്നതിൽ തിരക്കിലാണല്ലേ’? സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുമ്പോഴും അതിനെതിരെ ഫലപ്രദമായി ഒന്നും ചെയ്യാന് കെൽപ്പില്ലാത്ത ഒരു രാഷ്ട്രീയ നേതാവ് ഇന്ന് മോദിയോട് ചോദിച്ച ചോദ്യമാണ് ഇത് . മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്കെതിരെ ഒന്നും ചെയ്യാൻ കഴിയാത്ത കോൺഗ്രസ്സ് നേതാവ് സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുന്ന ഒരാളെ മോദിയെ ചിത്രീകരിക്കുമ്പോൾ അയാൾ അറിയുന്നില്ല മലർന്നു കിടന്നു മുഖത്തേക്ക് തൂപ്പുകയാണ് താൻ ചെയ്യുന്നതെന്ന സത്യം . അട്ടിമറി എന്ന ഈ സമ്പ്രദായം ജനാധിപത്യ ഇന്ത്യയിൽ തുടങ്ങി വച്ച മുതുമുത്തശ്ശനായ ജവഹർ ലാൽ നെഹ്റുവിന്റെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും ചരിത്രം കൂടി അറിയേണ്ടതാണ് നെഹ്രു വംശത്തിലെ ഇളമുറയായ രാഹുൽ ഗാന്ധി . ജനാധിപത്യവ്യവസ്ഥിതിയെ കോൺഗ്രസ്സ് അട്ടിമറിച്ചത് ഒന്നും രണ്ടുമല്ല മറിച്ച് എൺപത്തിയേഴ് തവണയാണ് . പണം കൊടുത്ത് എംഎൽഎമാരെ വാങ്ങുന്ന സമ്പ്രദായം രാഷ്ട്രീയനേതാക്കന്മാർ പഠിച്ചതും കോൺഗ്രസ്സിൽ നിന്നുമാണ് . 37 കൊല്ലങ്ങൾക്ക് മുൻപ് കർണ്ണാടകയിൽ ഒരു എംഎൽഎയ്ക്ക് കോൺഗ്രസിട്ട വില 25 ലക്ഷമാണ്.
ആ വഴികളിലൂടെ ഒരു യാത്ര
കുതിരക്കച്ചവടക്കഥ തുടങ്ങുന്നത് 1953ലാണ്. അന്ന് മദ്രാസിൽ രാജാജി പുറത്തെടുത്ത തന്ത്രം. 375 അംഗ നിയമസഭയിൽ 152 എംഎൽമാർ മാത്രമാണ് രാജാജിക്കൊപ്പമുണ്ടായിരുന്നത്. അവിശ്വാസം അതിജീവിക്കാൻ 50 പേരെ മറുകണ്ടം ചാടിച്ചു. അതിന്റെ പുതിയ മുഖമാണ് ബി ജെ പി ഇപ്പോൾ പരീക്ഷിക്കാൻ ശ്രമിക്കുന്നത്.
1983ൽ കർണ്ണാടകയിൽ രാമ കൃഷ്ണ ഹെഗ്ഡെയുടെ നേതൃത്വത്തിൽ ജനതാ സർക്കാർ അധികാരത്തിലെത്തി. ഈ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വേണ്ടി എംഎഎൽഎമാരെ കോൺഗ്രസ് ചാക്കിട്ടു പിടിച്ചു . അന്ന് ഒരു എംഎൽഎയ്ക്ക് 25 ലക്ഷമായിരുന്നു കോൺഗ്രസിന്റെ വാഗ്ദാനം. 37 കൊല്ലം മുമ്പ് 25ലക്ഷമെന്നാൽ അതിന്റെ മൂല്യം വളരെ വലുതാണ് . ഇന്നത്തെ നൂറു കോടിയുടെ മൂല്യമാണ് അന്നത്തെ ആ 25 ലക്ഷത്തിന് . അങ്ങനെ എം എൽ എ മാർ മറുകണ്ടം ചാടി . ഫലമോ 1984ൽ ഹെഡ്ഗേ രാജിവച്ചു.
സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുന്നത് ഇന്ദിരാഗാന്ധിയുടെ സ്ഥിരം ശൈലിയായിരുന്നു. 87 തവണയാണ് കോൺഗ്രസ് സംസ്ഥാന സർക്കാരുകളെ ഇതുവരെ പിരിച്ചുവിട്ടത്. കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കുന്ന ശൈലി അവതരിപ്പിച്ചതും കോൺഗ്രസ് തന്നെ.
1959 ൽ കേരളത്തിലെ ഇഎംഎസ് സർക്കാരിനെ പിരിച്ചു വിട്ടു
1958 ൽ ഇ.എം.എസ്. സർക്കാറിനെതിരെ വിമോചന സമരംകോൺഗ്രസ്സിന്റെ കാർമികത്വത്തിൽ വിമോചന സമരം പൊട്ടിപുറപ്പെട്ടു. സമരക്കാർക്ക് നേരെ അങ്കമാലിയിൽ നടന്ന വെടിവെപ്പിൽ ഏഴു പേർ കൊല്ലപ്പെട്ടത് കോൺഗ്രസ് അവസരമായി കണ്ടു. ക്രമസമാധാന പാലനം തകർന്നെന്നാരൊപിച്ച് രാഷ്ട്രപതി ഭരണത്തിനായി കോൺഗ്രസ് മുറവിളി കൂട്ടി. അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് ഇന്ദിര ഗാന്ധിയുടെ സമ്മർദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കേരള മന്ത്രിസഭ പിരിച്ചു വിടാൻ ശുപാർശ ചെയ്തതിന്റെ ഫലമായി കേരളത്തിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നു.
അന്ന് ജാവഹർലാൽ നെഹ്രു തുടങ്ങിവെച്ച സംസ്ഥാനഭരണം പിടിച്ചെടുക്കൽ രീതി 1966 – 1977 നിടയിൽ ഇന്ദിരാഗാന്ധി 39 തവണയാണ് പ്രയോഗിച്ചത്.
1984 ൽ എൻടിആറിനെ അട്ടിമറിച്ചു
അമേരിക്കയിൽ ചികിൽസയ്ക്ക് പോയ എൻടിആറിനെ അട്ടിമറിച്ചതും ഇതേ തന്ത്രത്തിലൂടെയായിരുന്നു. തെലുങ്കുദേശത്തിൽ നിന്ന് ഭാസ്കര റാവുവിനെ കോൺഗ്രസ് അടർത്തി എടുത്ത് മുഖ്യമന്ത്രിയാക്കി. അന്ന് റിസോർട്ടിൽ എംഎൽഎമാരെ പൂട്ടിയിട്ട് കോൺഗ്രസിന്റെ നീക്കം തടയാൻ എൻടിആറും ശ്രമിച്ചു.
1993 ൽ കോൺഗ്രസിന് കേവല ഭൂരിപക്ഷം ഇല്ലായിരുന്നു
നരസിംഹറാവു സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയപ്പോൾ കോൺഗ്രസിന് കേവല ഭൂരിപക്ഷം ഇല്ലായിരുന്നു. രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷമെത്തിയ സർക്കാർ വില കൊടുത്താണ് അധികാരത്തിൽ അതിശക്തരായത്. അജിത് സിങ്ങിന്റെ 8 എംപിമാരെയും , ജെഎംഎമ്മിന്റെ 4 എംപിമാർക്കും രണ്ട് കോടി വീതം കൊടുത്താണ് എല്ലാം നേരെയാക്കിയത്. ഈ കേസിൽ കീഴ് കോടതി റാവുവിനെ 3 കൊല്ലം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു.
നെയ്യാറ്റിൻകര എംഎൽഎ സെൽവരാജിന്റെ കൂറുമാറ്റം
കേരളത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ നെയ്യാറ്റിൻകര എംഎൽഎ സെൽവരാജിനെ അടർത്തിയെടുത്തതിന് പിന്നിലും പണത്തിന്റെ കളികൾ പറയുന്നുണ്ട്.
ഇത്രയൊക്കെയായിട്ടും കോൺഗ്രസ്സ് തിരിച്ചറിയുന്നുണ്ടോ വിതച്ചതേ കൊയ്യൂ എന്ന പ്രപഞ്ച സത്യം . ഇല്ല . അങ്ങനെയെങ്കിൽ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ രാഹുൽ ഗാന്ധി ഒരുങ്ങില്ലായിരുന്നു . ചരിത്രത്തിന്റെ പുനർവായനയിൽ ഇത്തരമൊരു കുറ്റം ആരോപിക്കാൻ രാഹുലിനാകുമോ ?