മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി. മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച മുംബൈ പോലീസ് ഒരാളെ ബോറിവാലിയിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഫ്സൽ എന്ന യുവാവാണ് പിടിയിലായത്.
മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ 10.30 നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആശുപത്രിയുടെ ലാൻഡ് ലൈൻ നമ്പറിൽ 4 തവണ വിളിച്ച ഒരാൾ അംബാനിയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തൊട്ടുപിന്നാലെ ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി.
ആശുപത്രിയിലേക്ക് വിളിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഫ്സലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് കേസെടുത്ത് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.