മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച സൗഹൃദ സംഗമം ശ്രദ്ധേയമായി. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നേതാക്കളാണ് പരിപാടിയിൽ സംബന്ധിച്ചത്. പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റും സോളിഡാരിറ്റി സംസ്ഥാന പ്രെസിഡന്റുമായ ഡോ.നഹാസ് മാള മുഖ്യ പ്രഭാഷണം നടത്തി. ഫാസിസത്തിനെതിരെ വിവിധ ധാരയിലുള്ളവരുടെ കൂട്ടായ്മയാണ്വർത്തമാനകാലഘട്ടത്തിൽ ആവശ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ വിഷയമെന്നതിനപ്പുറം ഫാഷിസം എന്നത് ഒരു സാമൂഹിക വിഷയമായി മനസിലാക്കപ്പെടേണ്ടതുണ്ട്.
ഓരോ ദിവസം കഴിയുമ്പോഴും ജനങ്ങൾ തമ്മിലുള്ള അകലം വർധിച്ചു വരികയാണ്. ഇതൊരു പരിധിക്കപ്പുറമെത്തിയാൽ നമ്മൾ വിചാരിക്കുന്നത് പോലെ എളുപ്പത്തിൽ ഫാഷിസത്തിനെ തളക്കാൻ കഴിയില്ല. തൊലിപ്പുറമുള്ള ചികിത്സ കൊണ്ട് ഇതിനെ നമുക്ക് മറികടക്കാൻ സാധിക്കുകയില്ല. ജനാധിപത്യ അന്തരീക്ഷം എന്നുള്ളത് പ്രാതിനിത്യം എന്നത് മാത്രമല്ല അതിനപ്പുറം എല്ലാവരുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്തി കൊണ്ട് സാമൂഹിക കൂട്ടുത്തരവാദമായി പൗരസമൂഹം ഒന്നിച്ചു നിറവേറ്റേണ്ട ഒന്നാണ്. ഫാഷിസത്തിനെതിരെയുള്ള ഏതൊരു ചെറുനീക്കവും വലിയ രാഷ്ട്രീയ ഉള്ളടക്കമുള്ളതാണ്. നമ്മുടെ ചെറിയ സ്വാധീനവലയങ്ങളിൽ പോലും ഇതിനെതിരെയുമുള്ള പ്രതിരോധം തീർക്കുവാൻ നമുക്ക് കഴിയുമ്പോൾ അതിനു വലിയ ഫലങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ, വിവിധ സംഘടനാ – മാധ്യമ പ്രതിനിധികളായ സോമൻ ബേബി,ഗഫൂർ കൈപ്പമംഗലം, സേവി മാത്തുണ്ണി, കെ.ആർ.നായർ, റഷീദ് മാഹി, സൽമാനുൽ ഫാരിസി, യോഗാനന്ദൻ, ബദറുദ്ധീൻ പൂവാർ, വി.കെ അനീസ്, എബ്രഹാം ജോൺ, ജ്യോതിമേനോൻ, രാജീവ് വെള്ളിക്കോത്ത്, ബ്ലസൻ മാത്യു, റഷീദ്, രിസാലുദ്ധീൻ പുന്നോൽ, നൂറുദ്ധീൻ ഷാഫി, മുഹമ്മദ് ഷാഫി തുടങ്ങിയവർ സംബന്ധിച്ചു. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി എം.അബ്ബാസ് സ്വാഗതവും വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ നന്ദിയും പറഞ്ഞു. എ.എം.ഷാനവാസ്, എം.എം.സുബൈർ, അബ്ദുൽ ഗഫൂർ മൂക്കുതല, വി.പി.ഫാറൂഖ്, സമീർ ഹസൻ, അബ്ദുൽ ജലീൽ, സി.ഖാലിദ് തുടങ്ങിയവർ നേതൃത്വം നൽകി.