കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച പ്രമുഖ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് സൂചന. വൈകുന്നേരം 6 മണിയോടെ അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍ഗ്രസില്‍ നിന്ന് പ്രാഥമിക അംഗത്വം രാജിവെക്കുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ അദ്ദേഹം നേരത്തെ തന്നെ അറിയിച്ചിരുന്നു.
മാര്‍ച്ച് 26ന് നടക്കാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജ്യോതിരാദിത്യ സിന്ധ്യയെപ്പോലെ പരിചയ സമ്പന്നനായ നേതാവ് പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിന്ധ്യയെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.
ജനങ്ങളേയും രാജ്യത്തേയും സേവിക്കുക എന്ന തന്റെ ലക്ഷ്യം തുടരും. പക്ഷേ ഈ പാര്‍ട്ടിയില്‍ നിന്ന് ഇനി അത് നടക്കില്ല എന്ന് തിരിച്ചറിയുന്നു. രാജ്യത്തെ സേവിക്കാന്‍ അവസരം തന്നതില്‍ പാര്‍ട്ടിയിലെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നതായും രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സിന്ധ്യ സന്ദര്‍ശിച്ചിരുന്നു. മദ്ധ്യപ്രദേശില്‍ സിന്ധ്യക്കൊപ്പമുള്ള 17 എം.എല്‍.എമാര്‍ നിലവില്‍ അജ്ഞാത കേന്ദ്രത്തിലാണ്.