മനാമ: ആവേശകരമായ ഗെയിമുകളുടെയും പ്രകടനങ്ങളുടെയും ഒരു നിരതന്നെ ഒരുക്കി കൗ ബോയ് തീം ഫെസ്റ്റിവൽ ശ്രദ്ധേയമാകുന്നു. ഫെബ്രുവരി 29 വരെ തുടരുന്ന ‘ദി വെസ്റ്റേൺ ‘ മേളയിൽ വിവിധ ഭക്ഷണ ശാലകൾ, കുട്ടികളുടെ കളിസ്ഥലം, വ്യത്യസ്ത ഷോപ്പുകൾ, വിനോദ വിഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് മേള നടക്കുന്നത്. മേളയുടെ ഉത്ഘാടനം ഷെയ്ഖ് ഹിഷാം നിർവഹിച്ചു. മേളയിൽ 22 റെസ്റ്റോറന്റുകളാണ് പങ്കെടുക്കുന്നത്. കൗ ബോയ് , നേറ്റീവ് അമേരിക്ക എന്നിവ പ്രമേയമായ വിവിധ കലാപരിപാടികളും അരങ്ങേറുന്നുണ്ട്. അതോടൊപ്പം നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
സീഫ് ജില്ലയിൽ നടക്കുന്ന മേള എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 10 വരെയും വാരാന്ത്യങ്ങളിൽ വൈകുന്നേരം 4 മുതൽ അർദ്ധരാത്രി വരെയും തുടരും. ഒരു ബഹറിൻ ദിനാറാണ് മേളയിലേക്കുള്ള പ്രവേശന ഫീസ്.
ഏതു പ്രായത്തിലും ഏതു താത്പര്യങ്ങളുമുള്ളവർക്ക് മികച്ച ഒരു അനുഭവമായിരിക്കും മേള സമ്മാനിക്കുക. ഓരോ വാരാന്ത്യങ്ങളിലും മൂവായിരത്തിലധികം സന്ദര്‍ശകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.