മനാമ: ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി എൽദ എബി നീണ്ടുവളർത്തിയ തന്റെ തലമുടി ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് ദാനം ചെയ്തു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ എൽദ എബി വർഷങ്ങളായി തലമുടി നീട്ടി വളർത്തിയത് ഈ ലക്ഷ്യമിട്ടായിരുന്നു. തന്റെ 45 സെന്റീമീറ്റർ നീളമുള്ള മുടി കാൻസർ സൊസൈറ്റിക്ക് നൽകിയതിലൂടെ ആഗ്രഹം സഫലമായി. കാൻസർ ചികിത്സയിലൂടെയോ മറ്റ് കാരണങ്ങളാലോ സ്വന്തം മുടി നഷ്ടപ്പെട്ട കുട്ടികൾക്ക് യഥാർത്ഥ ഹെയർ വിഗ്ഗുകൾ നിർമ്മിക്കാൻ ഇതിലൂടെ കഴിയും. രണ്ട് വർഷത്തിലേറെയായി കോവിഡ് മഹാമാരിയിലൂടെ കടന്നുപോവുമ്പോഴാണ് ഇത്തരമൊരു ചിന്ത ദൃഢമായത്. എൽകെജി മുതൽ ഇന്ത്യൻ സ്കൂളിലാണ് എൽദ പഠിക്കുന്നത്.ഈ 15 വയസ്സുകാരി മറ്റുള്ളവരെ സഹായിക്കാൻ കഴിഞ്ഞതിലുള്ള ആനന്ദം മറച്ചുവെക്കുന്നില്ല.
എൽദ എബി പറയുന്നു: ‘മുടികൊഴിച്ചിൽ കാരണം വൈകാരിക വെല്ലുവിളികളുമായി മല്ലിടുന്ന ഒരാൾക്ക് ആത്മവിശ്വാസവും ശക്തിയും പ്രതീക്ഷയും നൽകുന്നതിന് ഈ ചെറിയ കാരുണ്യ പ്രവർത്തനത്തിലൂടെ കഴിയും എന്ന് വിശ്വസിക്കുന്നു. ആത്മാഭിമാനവും വ്യക്തിയുടെ വീക്ഷണവും വിശാലമാക്കാൻ ഇതിന് കഴിയും. തലമുടി വളരെ ചെലവേറിയതും ആവശ്യാനുസരണം നിർമ്മിക്കാൻ കഴിയാത്തതുമാണ്. അതിനാൽ ഈ ദാനത്തിന് കാൻസർ രോഗികളെ സഹായിക്കാനാകും. എന്റെ മുടി പൂർണ്ണഹൃദയത്തോടെയാണ് നൽകിയത്. അത് വഴിയുള്ള രൂപ മാറ്റത്തിൽ അഭിമാനം തോന്നുന്നു. രോഗികളെ സഹായിക്കാൻ ഈ അവസരം നൽകിയതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു.’
അൽ മൊയ്ദ് കമ്പനിയിൽ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി എബിമോൻ യോഹന്നാന്റെയും ജീന എബിമോന്റെയും മകളാണ് എൽദ എബി. സഹോദരൻ എഡ്വിൻ എബി ജോൺ ഇന്ത്യൻ സ്കൂൾ 11-ാം ക്ലാസ്സിലെ വിദ്യാർത്ഥിയാണ്. ജീവകാരുണ്യ സംരംഭങ്ങളിൽ താൽപ്പര്യമുള്ള കുടുംബം മനാമ സേക്രഡ് ഹാർട്ട് ചർച്ചിൽ ഉൾപ്പെടുന്നു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ വിദ്യാർത്ഥിനിയുടെ ഉദാത്തമായ പ്രവൃത്തിയെ അഭിനന്ദിച്ചു.