മനാമ:ബഹ്റൈനിലെ വിദ്യാഭ്യാസ – സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യമായ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ബഹ്റൈൻ ഹ്യൂമാനിറ്റി വിഭാഗം മേധാവിയുമായ ശ്രീമതി ഷെമിലി പി ജോൺ രചിച്ച “സോളിലോക്കി” എന്ന ഇഗ്ളീഷ് കവിതാസമാഹാരത്തിന്റെ ബഹ്റൈൻ പ്രകാശനകർമ്മം ജനുവരി 23 വ്യാഴം വൈകീട്ട് 7 30 ന് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കും.
കഴിഞ്ഞ ഷാർജ പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്ത കൃതിയാണ് “സോളിലാക്കി”. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പത്രമാധ്യമങ്ങളും നിരന്തരമായി കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാറുള്ള ഷെമിലിയുടെ ആദ്യ സമ്പൂർണ്ണ ഇഗ്ളീഷ് കവിതാ സമാഹാരമാണ് ” സോളിലാക്കി”. ഇന്ത്യൻ ക്ലബ്ബിന്റെ അസോസിയേറ്റ് മെമ്പറായ ഷെമിലിയുടെ കവിതാ പ്രകാശനവുമായി ബന്ധപ്പെട്ട ചടങ്ങു സംഘടിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഇന്ത്യൻ ക്ലബ്ബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫും ജനറൽ സെക്രട്ടറി ജോബ് ജോസഫും പറഞ്ഞു . സാഹിത്യ സംഗീത തല്പരരായ മുഴുവൻ പേരെയും പ്രസ്തുത ചടങ്ങിലേക്ക് ക്ഷണിക്കുന്നതായും പറഞ്ഞു.
ബഹ്റൈൻ പാർലമെന്റംഗം ഡോ. ഹിഷാം അൽ ഷീരി മുഖ്യാഥിതിയും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായായ പ്രശസ്ത പ്രഭാഷകനും ചിന്തകനുമായ കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രഫസർ പി കെ പോക്കർ മുഖ്യ പ്രാസംഗികനുമായി പങ്കെടുക്കുന്ന ചടങ്ങിൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ബഹ്റൈൻ വൈസ് പ്രസിഡന്റ് ഡോ .ജെഫ്രി എലിയട്ട് , സോമൻ ബേബി , പി വി രാധാകൃഷ്ണപിള്ള, എബ്രഹാം ജോൺ തുടങ്ങി ബഹ്റൈനിലെ വിദ്യാഭ്യാസ മത സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നതാണ്.
സയാനി മോട്ടോഴ്സ് മുഖ്യ പ്രായോജകരായ ചടങ്ങിന് പ്രശസ്ത ബോളിവുഡ് ഗായകൻ കിഷോർ കുമാർ ഫെയിം രാജേഷ് അയ്യരും പ്രശസ്ത ഗായിക പല്ലവി പഥക്കും നയിക്കുന്ന ഗാനമേള കൊഴുപ്പേകും.പത്രസമ്മേളനത്തിൽ സ്റ്റാലിൻ ജോസഫ്, ജോബ് ജോസഫ്,സേവി മാത്തുണ്ണി ,റഫീക്ക് അബ്ടുള്ള, ജ്യോതിഷ് പണിക്കർ, അനിൽ യൂ കെ, ഷാജി കാർത്തികേയൻ, എബ്രഹാം സാമുവൽ, അനീഷ് വർഗീസ്, എബി കുരുവിള, അജു കോശി, എബ്രഹാം സാമുവേൽ, അജിബാസി, .ബിനു പാപ്പച്ചൻ,ഗഫൂർ കൈപ്പമംഗലം, സയ്ദ് റമദാൻ നദവിതുടങ്ങിയവർ പങ്കെടുത്തു.