പാലക്കാട്: എൽ.ഡി.എഫിൽ നിന്ന് ആരെയും കോൺഗ്രസിൻ കിട്ടാൻ പോകുന്നില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. എന്തു കണ്ടിട്ടാണ് ആളുകളും പാർട്ടികളും കോൺഗ്രസിലേക്ക് പോകേണ്ടത്. അവർ തകർന്ന് കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ്.
യു.ഡി.എഫ് വിട്ടവരെയും എൽ.ഡി.എഫിൽ അസ്വസ്ഥരായവരെയും തിരിച്ചുകൊണ്ടുവരാനുള്ള കോൺഗ്രസ് ചിന്തൻ ശിബിരത്തിന്റെ തീരുമാനം തമാശയായി മാത്രമേ കാണാനാകൂ. കോൺഗ്രസ് ആർഎസ്എസിന്റെ നയങ്ങളാണ് പിന്തുടരുന്നത്. ചിന്തൻ ശിബിരം നടത്തിയവർ ഉടൻ ബൈഠക്കും സംഘടിപ്പിക്കുമെന്നും ഇ പി ജയരാജൻ പരിഹസിച്ചു.
മുന്നണി വിട്ട പാർട്ടികളെ തിരികെ കൊണ്ടുവരണമെന്നാണ് കോൺഗ്രസ് ചിന്തൻ ശിബിരത്തിന്റെ രാഷ്ട്രീയ പ്രമേയം ആവശ്യപ്പെടുന്നത്. കേരള കോൺഗ്രസ് എമ്മിനെയും എൽജെഡിയെയും ലക്ഷ്യം വയ്ക്കുന്നതായി വിലയിരുത്തുന്നുണ്ടെങ്കിലും പാർട്ടികളുടെ പേരുകൾ പരാമർശിച്ചിട്ടില്ല.