തിരുവനന്തപുരം: മാധ്യമം പത്രത്തെ വിമർശിച്ച് യു.എ.ഇ ഭരണാധികാരിക്ക് കത്തെഴുതിയ മുൻ മന്ത്രി ഡോ. കെ.ടി ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് പത്രം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ജലീലിന്റെ നടപടികൾ നാടിന്റെ പരമാധികാരത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും ഹനിക്കുന്നുവെന്നും ഇതിൽ അങ്ങേയറ്റം വേദനയും പ്രതിഷേധവുമുണ്ടെന്നും ചീഫ് എഡിറ്റർ ഒ അബ്ദുറഹ്മാൻ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചു. എന്നാൽ മുൻ മന്ത്രി ജലീൽ കത്തയച്ചതായി താൻ അറിഞ്ഞിരുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ജലീലുമായി വിഷയം ചർച്ച ചെയ്യുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ചീഫ് എഡിറ്റർ ഒ അബ്ദുറഹ്മാൻ പറഞ്ഞു.
കൊവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാൻ സർക്കാർ സന്നദ്ധത അറിയിച്ചപ്പോൾ മാധ്യമം ശക്തമായി പിന്തുണച്ചു. മടക്കയാത്ര തടസ്സപ്പെടുന്ന സമയത്ത് മൂടിവെക്കാതെ ജനങ്ങളുടെ വേദന പ്രകടിപ്പിക്കാനും മടികാണിച്ചിട്ടില്ല. 2020 ജൂൺ 24ന്, കൊവിഡ് ഭീഷണി രൂക്ഷമായപ്പോൾ മെച്ചപ്പെട്ട അവസ്ഥയിലായിരുന്ന സ്വന്തം നാട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷ തകിടം മറിഞ്ഞപ്പോൾ അവരുടെ ക്ഷേമവും സുരക്ഷിതത്വവും കണക്കിലെടുത്ത് പ്രവാസി മലയാളികൾക്കിടയിലെ ആശങ്കയും ഉത്കണ്ഠയും വേറിട്ട രീതിയിൽ ആവിഷ്കരിക്കുകയായിരുന്നു മാധ്യമം ചെയ്തത്. അതിനെക്കുറിച്ചുള്ള വിമർശനങ്ങളും അഭിപ്രായ വ്യത്യാസങ്ങളും മനസ്സിലാക്കാം. ആ വാർത്തയുടെ പശ്ചാത്തലത്തിൽ കെ.ടി.ജലീൽ ‘മാധ്യമ’ത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശരാജ്യത്തെ അധികൃതർക്ക് കത്തെഴുതിയ നടപടി കേട്ടുകേൾവിയില്ലാത്തതാണെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശ രാജ്യങ്ങളിലെ അധികാരികൾക്ക് കത്ത് അയയ്ക്കുന്നത് പ്രോട്ടോക്കോൾ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണ്. മന്ത്രിസ്ഥാനം വഹിക്കുന്ന ഒരു വ്യക്തി അത്തരമൊരു വിഷയത്തെ വ്യക്തിപരമായ ഒരു കാര്യം എന്ന നിലയിൽ സ്വകാര്യമായി കൈകാര്യം ചെയ്യുന്നത് അതിലും ഗൗരവമുള്ള കാര്യമാണ്. ഇത്തരം വഴിവിട്ട ചെയ്തിയെ ഇടതുപക്ഷ ഭരണകൂടത്തിന് അംഗീകരിക്കാൻ കഴിയില്ലെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്നും ചീഫ് എഡിറ്റർ കത്തിൽ പറഞ്ഞു.