തിരുവനന്തപുരം: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ ദിവസം നടന്ന കെ.പി.സി.സി ചിന്തൻ ക്യാമ്പിൽ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പ്രവർത്തനങ്ങൾ നേരത്തെ ആരംഭിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. മിഷൻ 24 എന്ന പേരിൽ ഇതിനായി ആക്ഷൻ പ്ലാൻ പ്രഖ്യാപിച്ചു. പതിവ് രീതിക്ക് വിരുദ്ധമായി സ്ഥാനാർത്ഥി പ്രഖ്യാപനം നേരത്തെ നടത്തണമെന്നാണ് നിർദേശത്തിൽ പറയുന്നത്.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫ് മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. എൽ.ഡി.എഫിന്റെ കോട്ടകൾ പോലും പിടിച്ചെടുക്കുന്നതായിരുന്നു കാഴ്ച. ആലപ്പുഴയിൽ മാത്രമാണ് എൽ.ഡി.എഫിന് വിജയിക്കാൻ കഴിഞ്ഞത്, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും സമാനമായ നീക്കം നടത്തുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് 18 മാസത്തെ പ്രവർത്തന കലണ്ടർ തയ്യാറാക്കിയിട്ടുണ്ട്.