ചണ്ഡീഗഢ്: വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിനുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യാത്രക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൺപുർ സ്വദേശിയായ മുഹമ്മദ് ഡാനിഷാണ് പിടിയിലായത്. സംഭവത്തെ തുടർന്ന് വിമാനം 15 മിനിറ്റോളം വൈകി.
ശനിയാഴ്ച വൈകീട്ട് 6.15ന് ലഖ്നൗവിൽ നിന്നു ശ്രീനഗറിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. അമൃത്സർ വിമാനത്താവളത്തിൽ വച്ചാണ് ഡാനിഷിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
യാത്രയ്ക്കിടെയാണ് ഡാനിഷ് എയർ ഹോസ്റ്റസുമായി തർക്കത്തിൽ ഏർപ്പെട്ടത്. പിന്നാലെ ലൈംഗിക ചുവയോടെ സംസാരിച്ചു. അസഹനീയമായതോടെ എയർ ഹോസ്റ്റസ് അധികൃതരെ വിവരമറിയിച്ചു. വിമാനം ഇടയ്ക്ക് അമൃത്സറിലെ ശ്രീ ഗുരു രാംദാസ്ജി രാജ്യന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഡാനിഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിക്കെതിരെ അമൃത്സർ വിമാനത്താവളം സബ് ഇൻസ്പെക്ടർക്ക് ഔദ്യോഗിക പരാതി നൽകിയതോടെ സെക്ഷൻ 509 പ്രകാരം കേസെടുത്തു. പരാതിയിൽ അന്വേഷണം ആരംഭിച്ചു.