തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ മലയാള സിനിമയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു മലയാളി എന്ന നിലയിൽ അവാർഡ് പ്രഖ്യാപനത്തിൽ സന്തോഷവും അഭിമാനവുമുണ്ട്. അയ്യപ്പനും കോശിയും പോലുള്ള നിരവധി നല്ല സിനിമാ കാഴ്ചകൾ അവശേഷിപ്പിച്ചാണ് സച്ചി യാത്രയായതെന്നും പ്രതിപക്ഷ നേതാവ് കുറിച്ചു.
“ഒരു മലയാളിയെന്ന നിലയിൽ ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ എനിക്ക് വളരെ സന്തോഷവും അഭിമാനവുമുണ്ട്. എന്നാൽ ഈ സന്തോഷങ്ങൾക്കിടയിലും മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ സച്ചി ഹൃദയത്തിൽ ഒരു കണ്ണുനീരായി മാറുകയാണ്. തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ട ഒരു മഹാപ്രതിഭ… അയ്യപ്പനും കോശിയും പോലെയോ അതിലും മികച്ചതോ ആയ ഒരുപാട് സിനിമാ കാഴ്ചകൾ അവശേഷിപ്പിച്ചാണ് പ്രിയ സച്ചി പോയത്.
അപർണ ബാലമുരളി, ബിജു മേനോൻ, നഞ്ചിയമ്മ എന്നിവർക്ക് നടി, സഹനടൻ, പിന്നണി ഗായിക ഉൾപ്പെടെ 11 പുരസ്കാരങ്ങൾ മലയാളത്തിന് ലഭിച്ചിട്ടുണ്ട്. മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട സൂര്യയും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ്. എല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ.” സതീശൻ കുറിച്ചു.