ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയിൽ പ്രതിപാദിച്ചിട്ടുള്ള ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിച്ചും ജനങ്ങളുടെ പരസ്പര സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തിയും പ്രതിബന്ധങ്ങളെ അതിജീവിച്ചും രാജ്യത്തെ മുന്നോട്ട് നയിക്കാൻ പുതിയ പ്രസിഡന്റിന് കഴിയട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
അതേസമയം പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മുഴുവൻ വോട്ടുകളും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലം വന്നപ്പോൾ സ്ഥിതി വ്യത്യസ്തമായിരുന്നു. 140 അംഗ നിയമസഭയിൽ യശ്വന്ത് സിൻഹയ്ക്ക് 139 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. സംസ്ഥാനത്തെ ഒരു എംഎൽഎ എൻഡിഎ സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവിന് വോട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാണ്.
ഒഡീഷയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട ദ്രൗപദി മുർമു രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിജയിച്ചു. സ്വതന്ത്ര ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയാണ് മുർമു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്നാം റൗണ്ടിലേക്ക് കടന്ന ഉടൻ തന്നെ വിജയിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ വോട്ടുകൾ ദ്രൗപദി മുർമു നേടിയിരുന്നു.