കൊളംബോ: സാമ്പത്തിക അരക്ഷിതാവസ്ഥയെ തുടർന്ന് സംഘർഷം ശക്തമായ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോതാബയ രാജപക്സെ മാലിദ്വീപിലേക്ക് രക്ഷപ്പെട്ടതിന് പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഗോതാബയയുടെ രാജി പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈനിക വിമാനത്തില്‍ രാജ്യം വിട്ടെത്തിയ ശ്രീലങ്കന്‍ പ്രസിഡന്റിനേയും സംഘത്തേയും വിമാനത്താവളത്തിൽ മാലദ്വീപ് സർക്കാർ പ്രതിനിധികൾ ഔദ്യോഗികമായി സ്വീകരിച്ചു.
ഗോതബയ രാജപക്സെ മാലദ്വീപിലേക്ക് പലായനം ചെയ്തെന്ന വാർത്ത പുറത്തുവന്നതോടെ അദ്ദേഹം ഉടൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാർ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ വീണ്ടും തെരുവിലിറങ്ങി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുന്നത് പുറത്ത് വന്ന ചില ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഉള്‍പ്പടെ സമരക്കാർക്ക് പട്ടാളവും പൊലീസും വഴിമാറിക്കൊടുക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
രാജപക്സെ സൈനിക വിമാനത്തിൽ മാലിദ്വീപിലേക്ക് പറന്നതിനെത്തുടർന്ന് വർദ്ധിച്ചുവരുന്ന പ്രതിഷേധം തടയാൻ തലസ്ഥാനമായ കൊളംബോ ഉൾപ്പെടുന്ന പശ്ചിമ പ്രവിശ്യയിലുടനീളം അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തുകയാണെന്ന് പോലീസ് പറഞ്ഞു.
പ്രസിഡന്റ് ഗോതബായ രാജപക്സെയും ഭാര്യയും രണ്ട് അംഗരക്ഷകരും ഇന്നലെ രാത്രിയാണ് കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സൈനിക വിമാനം വഴി മാലിദ്വീപിലേക്ക് കടന്നത്. അദ്ദേഹത്തിന്റെ ഇളയ സഹോദരനും മുൻ ധനമന്ത്രിയുമായ ബേസിൽ രാജപക്സെയും രാജ്യം വിട്ടതായി റിപ്പോർട്ടുകളുണ്ട്.