തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ കരട് പട്ടികയില്‍ രണ്ടാം ഘട്ടത്തില്‍ ലഭിച്ചത് 14009 അപ്പീലുകളും 89 ആക്ഷേപങ്ങളുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ അറിയിച്ചു. ഇതില്‍ 12,220 അപ്പീലുകള്‍ ഭൂമിയുള്ള ഭവനരഹിതരുടേതും, 1789അപ്പീലുകള്‍ ഭൂമിയില്ലാത്ത ഭവനരഹിതരുടേതുമാണ്. അനര്‍ഹര്‍ കടന്നുകൂടിയെന്ന് ആരോപിച്ച് ഭൂമിയുള്ളവരുടെ ഗുണഭോക്തൃ പട്ടികയില്‍ 79ഉം ഭൂമിയില്ലാത്തവരുടെ പട്ടികയില്‍ 10ഉം ആക്ഷേപങ്ങളും ലഭിച്ചിട്ടുണ്ട്. അര്‍ഹരായ മുഴുവൻ ആളുകള്‍ക്കും പട്ടികയില്‍ ഇടംകിട്ടാനും, അനര്‍ഹര്‍ കടന്നുകൂടിയിട്ടില്ലെന്ന് ഉറപ്പാക്കാനും അപ്പീല്‍/ആക്ഷേപം അവസരം കൃത്യമായി വിനിയോഗിച്ച മുഴുവൻ ആളുകളെയും മന്ത്രി അഭിനന്ദിച്ചു.
രണ്ടാം ഘട്ടത്തില്‍ ലഭിച്ച എല്ലാ അപ്പീല്‍\ആക്ഷേപങ്ങളും ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണ് പരിശോധിക്കുക. ജൂലൈ 20നകം ഈ പരിശോധന പൂര്‍ത്തിയാക്കും. ജൂലൈ 22ന് പരിശോധനയ്ക്ക് ശേഷമുള്ള പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിക്കും. തദ്ദേശ സ്ഥാപനത്തിലോ ലൈഫ് വെബ്സൈറ്റിലോ പരിശോധിച്ച് പട്ടികയില്‍ ഉണ്ടെന്ന് അപേക്ഷകര്‍ക്ക് ഉറപ്പാക്കാം. ഈ പട്ടിക ഗ്രാമസഭ/വാര്‍ഡ് സഭ ആഗസ്റ്റ് അഞ്ചിനകം യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യും. അനര്‍ഹർ പട്ടികയില്‍ ഇടംപിടിച്ചെന്ന് ബോധ്യപ്പെട്ടാല്‍ ഒഴിവാക്കാന്‍ ഗ്രാമസഭ/വാര്‍ഡ് സഭകള്‍ക്ക് അധികാരമുണ്ട്. ഗ്രാമസഭകള്‍ അംഗീകരിച്ച പട്ടികകള്‍ക്ക് പഞ്ചായത്ത്/നഗരസഭാ ഭരണസമിതികള്‍ ആഗസ്റ്റ് 10നകം അംഗീകാരം നല്‍കും. ഇങ്ങനെ എല്ലാ പ്രക്രീയകളും പൂര്‍ത്തിയാക്കി ആഗസ്റ്റ് 16ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. സമയബന്ധിതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ ജീവനക്കാരും ജനപ്രതിനിധികളും ഊർജസ്വലമായി ഇടപെടണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
ജൂൺ 10ന് പ്രസിദ്ധീകരിച്ച ആദ്യ കരട് പട്ടികയില്‍ 5,14,381 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ആദ്യഘട്ട അപ്പീലിന്റെ ഭാഗമായി 46,377 പേര് കൂടി പട്ടികയില്‍ ചേര്‍ക്കപ്പെട്ടു. ഇതോടെ ഗുണഭോക്താക്കളുടെ എണ്ണം 5,60,758ആയി വര്‍ധിച്ചു. ഈ പട്ടികയിലുള്ള അടുത്ത ഘട്ടം അപ്പീല്‍ സമര്‍പ്പണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.