ടെഹ്റാൻ: തെക്കൻ ഇറാനിൽ ഇന്ന് പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
ഹോർമോസ്ഗാൻ പ്രവിശ്യയിലെ ഇറാന്റെ ഗൾഫ് തീരത്തിനടുത്തുള്ള സയേ ഖോഷ് ഗ്രാമത്തിൽ പ്രാദേശിക സമയം പുലർച്ചെ 2 മണിക്കുണ്ടായ ഭൂചലനത്തെ തുടർന്ന് 6.3, 6.1 തീവ്രത രേഖപ്പെടുത്തിയ 24 ഭൂചലനങ്ങൾ ഉണ്ടായി. ഏറ്റവും പുതിയ ഭൂചലനം രാവിലെ 8 മണിയോടെയാണ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 620 മൈൽ തെക്ക് ഹോർമോസ്ഗാൻ പ്രവിശ്യയിൽ 300 ഓളം ആളുകൾ താമസിക്കുന്ന സയേ ഖോഷ് ഗ്രാമത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപം രക്ഷാപ്രവർത്തകരെ വിന്യസിച്ചതായി റിപ്പോർട്ട് പറയുന്നു.
പല അയൽരാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ആഴ്ചകളിൽ ഈ പ്രദേശത്ത് നിരവധി മിതമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. നവംബറിൽ റിക്ടർ സ്കെയിലിൽ 6.4, 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരാൾ മരിച്ചിരുന്നു.