മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (PAACT) വർഷം തോറും സംഘടിപ്പിക്കാറുള്ള “പാക്ട് ഓണം”, എന്നും പവിഴ ദ്വീപിലെ പാക്ട് അംഗങ്ങൾക്കും, മാലോകർക്കു൦ ഒരു ഉത്സവം തന്നെയാണ്. എന്നും പ്രതീക്ഷകൾക്ക് അപ്പുറം നിൽക്കുന്ന കലാവിരുന്ന് ഒരുക്കിയും അതോടൊപ്പം പാലക്കാടൻ രീതിയിലുള്ള സദ്യ നൽകി അതിഥികൾക്കും കുടുംബാംഗങ്ങൾക്കും നാട്ടിലെ ഓണത്തിൻറെ പ്രതീതി നൽകുവാൻ ഒരുപരിധിവരെ സാധിക്കുന്നു എന്നത് തന്നെ ഈ കൂട്ടായ്മയുടെ ഒരു വിജയമാണ്. ഈ വർഷം 3 മാസങ്ങളോളം നീണ്ടു നിൽക്കുന്ന ഓണാഘോഷ പരിപാടികൾക്ക് ഈ വരുന്ന ജൂലൈ ഒന്നാം തീയതി തിരി തെളിയുകയായി. ഇതിൽ ചിലത് ഓൺലൈനായും (online) ചിലത് ഓഫ്ലൈനായും (offline) നടത്തുന്നതാണ്.
ഓൺലൈൻ ക്വിസ് മത്സരം – മായാപ്രപഞ്ചം, വിവിധ കളികളുമായി ചതുരംഗം, ഓണപ്പാട്ട് മത്സരം, തിരുവാതിരക്കളി & പായസ മത്സരം, എന്നിങ്ങനെ നിരവധി പരിപാടികൾ അണി നിരക്കുന്ന ഓണപൂത്താലം, സെപ്തംബർ പതിനാറിന് ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തുന്ന പൊന്നോണസദ്യയോട് കൂടെയാണ് അവസാനിക്കുക. എല്ലാ പരിപാടികളുടെയും ഉൾപ്പൊരുൾ അതാത് സമയങ്ങളിൽ അംഗങ്ങളെ അറിയിക്കുന്നതാണ്. 2022ലെ ഓണപരിപാടികൾ അവിസ്മരണീയമാക്കാൻ എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും പാക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിച്ചു കൊള്ളുന്നു.