വിശ്വാസ വോട്ടോടുപ്പിന് കാത്ത് നില്‍ക്കാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു. നിയമസഭയില്‍ നാളെ തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര ലജിസ്ലേറ്റീവ് കൗൺസിൽ അംഗത്വവും ഉദ്ധവ് താക്കറെ രാജിവച്ചു.
എൻസിപി അധ്യക്ഷൻ ശരദ് പവാറിനും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും നന്ദി അറിയിക്കുന്നതായി ഉദ്ധവ് താക്കറെ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം രാജിപ്രഖ്യാപനം നടത്തിയത്. ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഭൂരിപക്ഷം എംഎല്‍എമാരും വിമതനീക്കം നടത്തിയതോടെയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെ വീണത്. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേനയുടെ നേതൃത്വത്തില്‍ എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാവികാസ് അഘാഡി സര്‍ക്കാരിന് രൂപം കൊടുത്തത്. രണ്ടര വര്‍ഷത്തോളം നീണ്ട ഭരണത്തിനൊടുവിലാണ് സഖ്യസര്‍ക്കാര്‍ നിലംപതിച്ചത്.