വിശാഖ പട്ടണം: ആന്ധ്രാപ്രദേശില്‍ വീണ്ടും വാതക ചോര്‍ച്ച. വിശാഖ പട്ടണത്തെ പോറസ് ലബോറട്ടറീസ് എന്ന മരുന്ന് കമ്പനിയില്‍ നിന്നാണ് വാതക ചോര്‍ച്ചയുണ്ടായത്. വാതക ചോര്‍ച്ചയെ തുടര്‍ന്ന്, ശാരീരിക അസ്വസ്ഥതയുണ്ടായ 30 സ്ത്രീ തൊഴിലാളികളെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലുള്ളവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
നാലുപേര്‍ സംഭവ സ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. ഫാക്ടറിയില്‍ ചോര്‍ച്ചയുണ്ടാവുകയും തൊഴിലാളികള്‍ക്ക് പലര്‍ക്കും ഛര്‍ദ്ദി അനുഭവപ്പെടുകയും ചെയ്തതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുണിമില്ലില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് വാതകം ചോര്‍ന്നതോടെ ശാരീരിക അസ്വസ്ഥതയുണ്ടായത്.
ആരുടെയും നില ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. പോറസ് ലബോറട്ടറിയുടെ തൊട്ടടുത്തായാണ് വസ്ത്ര നിര്‍മ്മാണശാല സ്ഥിതിചെയ്യുന്നത്. 1800ഓളം പേരാണ് സ്ഥലത്ത് ജോലി ചെയ്തിരുന്നത്. തൊഴിലാളികള്‍ക്ക് കൃത്യമായ ചികിത്സ നല്‍കണമെന്നും അപകടത്തെ കുറിച്ച് സര്‍ക്കാര്‍ വിശദമായി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി പറഞ്ഞു.