തിരുവനന്തപുരം: കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ വനിതകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തികവര്‍ഷം മൈക്രോ ഫിനാന്‍സ് പദ്ധതിയിലെ ബാങ്ക് ലിങ്കേജിലൂടെ 3541.22 കോടി രൂപയുടെ വായ്പ ലഭ്യമാക്കിയെന്നും ഇതുവഴി സംസ്ഥാനത്തെ 54655 അയല്‍ക്കൂട്ടങ്ങളിലെ സ്ത്രീകള്‍ക്ക് കൈത്താങ്ങായിമാറാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. കോവിഡ് കാലത്ത് അയല്‍ക്കൂട്ട അംഗങ്ങളെ സഹായിക്കുന്നതിനായി ആവിഷ്ക്കരിച്ച ‘മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി’യുടെ ഭാഗമായി സംസ്ഥാനത്തെ 25.15 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് 1917.55 കോടി രൂപ ലഭ്യമാക്കാനും സര്‍ക്കാരിന് സാധിച്ചു. ഇത് കൂടാതെ പലിശ സബ്സിഡി ഇനത്തില്‍ 165.04 കോടി രൂപയും നല്കി. കൂടാതെ കഴിഞ്ഞ വര്‍ഷം 3.074 കോടി രൂപ മാച്ചിങ്ങ് ഗ്രാന്റ് ഇനത്തിലും 75 കോടി രൂപ റീസര്‍ജന്റ് കേരള ലോണ്‍ സ്കീം മൂന്നാം ഗഡുവിന്റെ പലിശ സബ്സിഡിയിനത്തിലും അയല്‍ക്കൂട്ടങ്ങള്‍ക്ക് വിതരണം ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.
റീസര്‍ജന്റ് കേരള ലോണ്‍ സ്കീം, പലിശ സബ്സിഡി എന്നിവ ഉള്‍പ്പെടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 67.10 കോടി രൂപയുടെ സഹായം നല്കി. അയല്‍ക്കൂട്ടങ്ങളുടെ ലിങ്കേജ് വായ്പകള്‍ക്ക് പലിശ സബ്സിഡിയായി 41.53 കോടി രൂപയും ലഭ്യമാക്കി. മൂന്നുലക്ഷം രൂപ വരെയുള്ള അയല്‍ക്കൂട്ട ലിങ്കേജ് വായ്പകള്‍ക്ക് പരമാവധി 8.5 ശതമാനം വരെ പലിശ സബ്സിഡി ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. അയല്‍ക്കൂട്ടങ്ങളുടെ ആന്തരിക വായ്പാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ദേശീയ ഗ്രാമീണ ഉപജീവന മിഷന് നല്കുന്ന സാമ്പത്തിക സഹായമായ റിവോള്‍വിങ്ങ് ഫണ്ട് ഇനത്തില്‍ 7.5 കോടി രൂപയും കുടുംബശ്രീ വിതരണം ചെയ്തു. ഇതിലൂടെ ഒരു അയല്‍ക്കൂട്ടത്തിന് പരമാവധി 15,000 രൂപവരെ ലഭിക്കും. അയല്‍ക്കൂട്ടങ്ങള്‍ നേരിടുന്ന ആകസ്മിക പ്രശ്നങ്ങള്‍ അതിജീവിക്കാനായി വള്‍ണറബിലിറ്റി റിഡക്ഷന്‍ ഫണ്ട് ഇനത്തില്‍ 15 കോടി രൂപയും ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ ഒരു എ.ഡി.എസിന് ഒരു ലക്ഷം രൂപയാണ് ലഭിക്കുകയെന്ന് മന്ത്രി വിശദീകരിച്ചു.
സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും ചേര്‍ന്ന് കുടുംബശ്രീ ‘ജീവന്ദീപം’ എന്ന ഇന്‍ഷുറന്‍സ് പദ്ധതിയും അയല്‍ക്കൂട്ടത്തിലെ സ്ത്രീകള്‍ക്കായി നടപ്പിലാക്കുന്നുണ്ട്. 2023 ജനുവരി 31 വരെ ഇതിന് കാലാവധി ഉണ്ടാവും. ഈ സാമ്പത്തിക വര്‍ഷം മാത്രം 1.91 ലക്ഷം കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ ജീവന്ദീപം ഇന്‍ഷുറന്‍സ് പദ്ധതിയില്‍ എന്റോള്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് മറ്റേതൊരു സംസ്ഥാനത്തും സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാന്‍ ഇത്തരത്തിലുള്ള ഇടപെടലുകള്‍ നടക്കുന്നില്ലെന്നും കേരളത്തിന്റെ കുടുംബശ്രീ മോഡലിനെ കാലികമായി നവീകരിക്കാനുള്ള നടപടിക്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.