ശ്രീനഗർ: സൈനിക വാഹനം നദിയിലേക്ക് വീണ് മരിച്ചവരിൽ മലയാളിയും. മലപ്പുറം പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി തച്ചോളി കോയക്കുട്ടിയുടെ മകൻ മുഹമ്മദ് ഷൈജിൽ ആണ് മരിച്ചത്. ലഡാക്കിൽ ഷ്യാക് നദിയിലേക്കു സൈനിക വാഹനം മറിഞ്ഞ് ഏഴ് സൈനികരാണ് മരിച്ചത്.
ഇന്ത്യ – ചൈന അതിർത്തിയിലെ തുർതുക് സെക്ടറിലേക്കു പോകും വഴി ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്കു വീഴുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പതിനാണ് സംഭവം.
26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. റോഡിൽനിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്ക് വീണാണ് അപകടം. മരിച്ച സൈനികന്റെ ഭാര്യ: റഹ്മത്ത്: മക്കൾ – ഫാത്തിമ സൻഹ, തൻസിൽ, ഫാത്തിമ മഹസ.