അന്തിക്കാട്: മതപഠനത്തിനെത്തിയ 14 വയസ്സുകാരനെ ലൈംഗീക പീഡനത്തിനിരയാക്കിയതിന് പള്ളി ഇമാമിന്റെ പേരില്‍ പോക്സോ ചുമത്തി പോലീസ് കേസെടുത്തു. അന്തിക്കാട് മുസ്ലിം ജമാഅത്ത് പള്ളിയിലെ ഇമാമും മദ്രസാ അധ്യാപകനുമായ ഇരിങ്ങാലക്കുട കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി (52)യുടെ പേരിലാണ് കേസെടുത്തത്. 20 വര്‍ഷമായി പള്ളി ചുമതലകള്‍ വഹിച്ചുവരുകയാണ് ഇയാള്‍. പീഡനവിവരം നിയമപാലകരെ അറിയിക്കാതെ നിരുത്തരവാദ സമീപനം കൈക്കൊണ്ട പള്ളി കമ്മിറ്റിക്കെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നിലവിലെ പള്ളിക്കമ്മിറ്റിയെ പുറത്താക്കണമെന്ന ആവശ്യവുമായി വിശ്വാസികളില്‍ ചിലര്‍ മഹല്ല് സംരക്ഷണസമിതി രൂപവത്കരിച്ചിട്ടുണ്ട്.
അതിക്രമം നടന്നിട്ടും പള്ളിക്കമ്മിറ്റിയുടെ ഭാഗത്തുനിന്ന് കുട്ടിക്ക് പിന്തുണയുണ്ടായില്ലെന്നും അറസ്റ്റ് വൈകാന്‍ കാരണം പ്രതിയുടെ രാഷ്ട്രീയസ്വാധീനമാണെന്നും ആക്ഷേപമുണ്ട്. മേയ് രണ്ടിനാണ് പോലീസ് കേസെടുത്തത്. ഒളിവില്‍ പോയ ബഷീര്‍ സഖാഫിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി അന്തിക്കാട് എസ്.എച്ച്.ഒ. അനീഷ് കരീം അറിയിച്ചു.