മനാമ: ബഹ്റൈനിൽ താമസിക്കുന്ന പ്രവാസികൾക്ക് അവരുടെ സ്മാർട്ട് സിപിആർ കാർഡുകൾ ഉപയോഗിച്ച് ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ട് വഴി യാത്ര ചെയ്യാൻ സാധിക്കുന്ന പദ്ധതികൾ ഉടൻ നടപ്പിലാക്കും. പാർലമെന്റിലെയും ഷൂറ കൗൺസിലിലെയും നിയമസഭാംഗങ്ങൾ ഈ നീക്കത്തിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും 1975 ലെ പാസ്പോർട്ട് നിയമം ഭേദഗതി ചെയ്യുന്ന രാജകീയ ഉത്തരവിറങ്ങിയിട്ടുണ്ടെന്നും പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ചെയർമാൻ മുഹമ്മദ് അൽ സിസി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ ബഹ്റൈനികൾക്കും ജി.സി.സി പൗരൻമാർക്കും പാസ്പോർട്ടില്ലാതെ തിരിച്ചറിയൽ കാർഡ് മാത്രം ഉപയോഗിച്ച് അംഗരാജ്യങ്ങളിൽ യാത്രചെയ്യാൻ സാധിക്കും. ഇവർക്ക് ഇലക്ട്രോണിക് ഗേറ്റ് വഴിയും സാധാരണ കൗണ്ടർ വഴിയും പാസ്പോർട്ടില്ലാതെ കടന്നുപോകാൻ സാധിക്കും. കോവിഡ് കാലത്ത് പാസ്പോർട്ട് വേണമെന്ന നിബന്ധന ഏർപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ പിൻവലിച്ചിട്ടുണ്ട്. ഭാവിയിൽ എല്ലാവർക്കും ബാധകമായ ബയോമെട്രിക് സ്ക്രീനിങ് സംവിധാനം ഏർപ്പെടുത്തുമെന്നും മുഹമ്മദ് അൽ സീസി പറഞ്ഞു.
ബഹ്റൈൻ വിമാനത്താവളത്തിലെ ഇലക്ട്രോണിക് ഗേറ്റ് വഴി സി.പി.ആർ കാർഡ് ഉപയോഗിച്ച് യാത്രചെയ്യാൻ കഴിയുന്ന സൗകര്യം ഇനിമുതൽ പ്രവാസികൾക്കും ലഭിക്കാൻ വഴിയൊരുക്കുന്നതാണ് നിയമ ഭേദഗതി. അറൈവൽ ടെർമിനലിൽ 10 ഇലക്ട്രോണിക് ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഡിപ്പാർച്ചർ ടെർമിനലിൽ ഇക്കണോമി ടിക്കറ്റുകാർക്ക് എട്ടും ഗൾഫ് എയർ ബിസിനസ് ക്ലാസ് ടിക്കറ്റുകാർക്ക് രണ്ടും മറ്റ് എയർലൈൻസ് ബിസിനസ് ക്ലാസുകാർക്ക് രണ്ടും ഇ-ഗേറ്റുകളുണ്ട്. ബോർഡിങ് പാസ് കൗണ്ടറും ഇ-ഗേറ്റും തമ്മിൽ ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. അതിനാൽ, സി.പി.ആർ ഉപയോഗിച്ച് ബോർഡിങ് പാസ് എടുക്കുന്നവർക്ക് നേരിട്ട് ഇ-ഗേറ്റ് വഴി പോകാൻ സാധിക്കും.
ബഹ്റൈന് പുറത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസിക്ക് ബഹ്റൈൻ വിമാനത്താവളത്തിലെ എമിഗ്രേഷൻ പരിശോധനയിൽ സമയം ലാഭിക്കാം എന്നത് മാത്രമാണ് ഇതിന്റെ മെച്ചം. വിദേശത്തെ വിമാനത്താവളത്തിലും ബഹ്റൈൻ വിമാനത്താവളത്തിൽ ബോർഡിങ് പാസ് ലഭിക്കുന്നതിനും പാസ്പോർട്ട് കാണിക്കണം. അതിനാൽ, യാത്രചെയ്യുമ്പോൾ പാസ്പോർട്ട് കൈവശം ഉണ്ടാകണമെന്നത് നിർബന്ധമാണ്.