കാഠ്മണ്ഡു: എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഇന്ത്യൻ ഡോക്ടർ ദമ്പതികളായി ഗുജറാത്തിൽ നിന്നുള്ള ശസ്ത്രക്രിയാ വിദഗ്ധരായ ദമ്പതികൾ ചരിത്രം രചിച്ചു. ഡോ. ഹേമന്ത് ലളിത്ചന്ദ്ര ലുവയും ഭാര്യ ഡോ. സുർബിബെൻ ഹേമന്ത് ലുവയുമാണ് എവറസ്റ്റിന്റെ നെറുകയിലെത്തിയത്. സമുദ്ര നിരപ്പിൽ നിന്ന് 8,849 മീറ്റർ (29,032 അടി) ഉയരമാണ് ഇരുവരും കീഴടക്കിയത്.
ഇതോടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കയറുന്ന ആദ്യത്തെ ഇന്ത്യൻ ഡോക്ടർ ദമ്പതികളായി ഇവർ മാറി. എൻ എച്ച് എൽ (NHL) മുനിസിപ്പൽ മെഡിക്കൽ കോളേജിലെ സർജറി പ്രൊഫസറാണ് ഹേമന്ത്. അദ്ദേഹത്തിന്റെ ഭാര്യ ഗുജറാത്ത് വിദ്യാപീഠത്തിൽ ചീഫ് മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നു. അഹമ്മദാബാദിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ദമ്പതികൾ പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായിട്ടാണ് എവറസ്റ്റിന്റെ മുകളിൽ എത്തിയത്.
സപ്ലിമെന്ററി ഓക്സിജൻ ഉപയോഗിക്കാതെ അന്നപൂർണ പർവതത്തിൽ എത്തിയ ആദ്യ ഇന്ത്യൻ പർവതാരോഹകനായി 41 കാരനായ സ്കാൽസാങ് റിഗ്സിൻ മാറി. ലഡാക്കിൽ നിന്നുള്ള പർവതാരോഹകനായ റിഗ്സിൻ ലോത്സെ പർവതത്തിന്റെ 8,516 മീറ്റർ മുകളിലേക്ക് എത്തിയതായാണ് റിപ്പോർട്ട്.
ഹിമാചൽ പ്രദേശിൽ നിന്നുള്ള 27 കാരിയായ വനിതാ പർവതാരോഹക ബൽജീത് കൗർ രണ്ടാഴ്ചയ്ക്കുള്ളിൽ നേപ്പാളിലെ 8,000 മീറ്ററിന് മുകളിലുള്ള രണ്ട് പർവതശിഖരങ്ങൾ കീഴടക്കിയതിന്റെ റെക്കോർഡ് സ്ഥാപിച്ചു. മെയ് 12-ന് കാഞ്ചൻജംഗ പർവതവും (8,586 മീറ്റർ), ഏപ്രിൽ 28-ന് അന്നപൂർണ പർവ്വതവും (8,091 മീറ്റർ) ബൽജീത് കൗർ കീഴടക്കി. കഴിഞ്ഞ ആഴ്ച, മഹാരാഷ്ട്രയിൽ നിന്നുള്ള പ്രിയങ്ക മൊഹിതെ, 8,000 മീറ്ററിനു മുകളിൽ അഞ്ച് കൊടുമുടികൾ താണ്ടുന്ന ആദ്യ ഇന്ത്യൻ വനിതയായി.