ഡൽഹി: ചാരവൃത്തി ആരോപിച്ച് ഇന്ത്യൻ എയർഫോഴ്സ് (IAF) ഉദ്യോഗസ്ഥനെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വ്യോമസേന ജവാനായ ദേവേന്ദ്ര ശർമയെയാണ് ചാരവൃത്തി കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഡൽഹി സുബ്രതോ പാർക്കിലെ വ്യോമസേനാ റെക്കോർഡ്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് ഇയാൾ.
ഹണി ട്രാപ്പിൽ ദേവേന്ദ്ര ശർമ കുടുങ്ങിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഓൺലൈനിൽ വച്ചു പരിചയപ്പെട്ട ആരോ ആണ് ഇയാളെ കുടുക്കിയത്. സ്വകാര്യ ചിത്രങ്ങളും വീഡിയോകളും വെച്ച് ഭീഷണിപ്പെടുത്തിയ ശേഷം, തന്ത്രപ്രധാനമായ വിവരങ്ങൾ ഇയാളിൽ നിന്നും അജ്ഞാതർ ചോർത്തിയെടുത്തിട്ടുണ്ട്.
കമ്പ്യൂട്ടറുകളിൽ നിന്നും ചോർത്തിയെടുത്ത പ്രതിരോധ സ്ഥാപനങ്ങളുടെ വിവരങ്ങൾ, ശർമ്മ പുറത്ത് വിട്ടതായി വ്യോമസേന തന്നെയാണ് കണ്ടെത്തിയത്. സംഭവത്തിന് പിറകിൽ, പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയുടെ കൈകളുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ബലമായ സംശയമുണ്ട്.