ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ന്ന നിലവാരത്തില്‍. പണപ്പെരുപ്പനിരക്ക് ഉയരുന്നതിനെ തുടര്‍ന്ന് അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് രൂപയെ സ്വാധീനിച്ചത്.
ഇതിന് പുറമേ ഓഹരിവിപണിയുടെ ഇടിവും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചു. വിനിമയത്തിന്റെ ഒരു ഘട്ടത്തില്‍ റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തി. ഡോളറിനെതിരെ 77.59ലേക്ക് രൂപ താഴ്ന്നതോടെയാണ് റെക്കോര്‍ഡ് തകര്‍ച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വ്യാപാരത്തിനിടെ 77.52 രേഖപ്പെടുത്തിയതാണ് ഇതിന് മുന്‍പത്തെ റെക്കോര്‍ഡ് തകര്‍ച്ച.
കഴിഞ്ഞദിവസം 77.24 രൂപയായിരുന്നു ഡോളറുമായുള്ള വിനിമനിരക്ക്. ഇന്ന് 77.41 എന്ന നിരക്കിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് രൂപ വീണ്ടും തകരുന്നതാണ് ദൃശ്യമായത്. രാജ്യത്ത് പണപ്പെരുപ്പനിരക്ക് ഉയരുന്നതും അമേരിക്കയില്‍ നാണ്യപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് ഉയര്‍ത്താന്‍ പോകുന്നതുമാണ് രൂപയില്‍ പ്രതിഫലിച്ചത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് രൂപയുടെ മൂല്യത്തെ ബാധിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.