തിരുവനന്തപുരം: കേരളത്തിലെ മനോരോഗ ആശുപത്രികളിൽ ആദ്യമായി അമ്മയ്ക്കും കുഞ്ഞിനുമായി ഒരു വാർഡ് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ചു. കെട്ടിടത്തിന്റെ ഉദ്ഘാടനം ഡോ. ശശി തരൂർ എം.പി നിർവഹിച്ചു. ടെക്നോപാർക്കിലെ സോഫ്റ്റ്വെയർ കമ്പനിയായ ജെമിനി സോഫ്റ്റ്വെയർ സൊല്യൂഷൻസിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പണിതത്.
തിരുവനന്തപുരം ലീഗൽ സർവീസസ് അതോറിറ്റിയും മാനസികാരോഗ്യ കേന്ദ്രവും ജെമിനി സോഫ്റ്റ് വെയർ സൊല്യൂഷൻസും സംയുക്തമായി നടത്തിയ പരിപാടിയിൽ വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷനായിരുന്നു. തിരുവനന്തപുരം സി.ബി.ഐ ജഡ്ജും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനുമായ കെ. സനിൽകുമാർ മുഖ്യ അതിഥിയായി. കെട്ടിടത്തിന്റെ താക്കോൽ ജെമിനി സോഫ്റ്റ് വെയർ സൊല്യൂഷൻസിന്റെ ഡയറക്റ്ററായ രഞ്ജിത് ഡാർവിൻ മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോക്ടർ അനിൽ കുമാറിന് നൽകി.
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആസാദി കാ അമൃത് മഹോത്സവ് എന്ന പരിപാടിയുടെ ഭാഗമായി കഴിഞ്ഞ നവംബർ മാസത്തിലാണ് കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. നാലു മാസം കൊണ്ട് കെട്ടിടത്തിന്റെ പണി പൂർത്തിയായി.
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ. വിദ്യാധരൻ, തിരുവനന്തപുരം കോർപ്പറേഷൻ ആരോഗ്യകാര്യ ചെയർപേഴ്സൺ ജമീല ശ്രീധരൻ, ഡോ. നെൽസൺ തുടങ്ങിയവർ പങ്കെടുത്തു.