ഡൽഹി: അതിർത്തികടന്ന് ജമ്മു കശ്മീരിലേയ്ക്ക് നുഴഞ്ഞുകയറാന്‍ പാകിസ്ഥാന് ഭീകരര്‍ ഒരുങ്ങിന്നതായി സൈന്യത്തിന്റെ വെളിപ്പെടുത്തൽ. അതിര്‍ത്തിക്കപ്പുറമുള്ള ഭീകര സംഘടനകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ അതേപടി നിലനില്‍ക്കുകയാണെന്നും, ഇരുന്നൂറോളം പാകിസ്ഥാന് ഭീകരര്‍ നുഴഞ്ഞുകയറാന്‍ തയ്യാറെടുക്കുകയാണെന്നും നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി. ഈ വര്‍ഷം ഇതുവരെ 21 വിദേശ ഭീകരരെ സൈന്യം വകവരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അതിർത്തിക്കപ്പുറത്ത് ആറ് വലിയ ഭീകര ക്യാമ്പുകളും 29 മൈനര്‍ ക്യാമ്പുകളുമുണ്ട്. ഇതിന് എല്ലാ സഹായങ്ങളും നല്കുന്നതില് പാകിസ്ഥാന് സൈന്യത്തിന്റെയും അതിന്റെ ഏജന്‍സികളുടെയും പങ്കാളിത്തം നിഷേധിക്കാനാവില്ല. 40 മുതല്‍ 50 വരെ പ്രാദേശിക ഭീകരര്‍ നിലവില്‍ ഉള്‍പ്രദേശങ്ങളില്‍ സജീവമായി തുടരുന്നുണ്ട്. ഭീകരവാദത്തിന്റെ പിടിയില്‍ നിന്ന് യുവാക്കളെ കൗണ്‍സിലിംഗ് ചെയ്ത് മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്,’ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി.
കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ കുറഞ്ഞതായും, കഴിഞ്ഞ പന്ത്രണ്ട് മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെ എണ്ണം വളരെ പരിമിതമാണെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ഒന്ന് മുതല്‍ മൂന്ന് വരെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ മാത്രമാണ് നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.