കോഴിക്കോട്: സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശനത്തില്‍ സര്‍ക്കാര്‍ മേഖലയിലെ മികച്ച തീം പവലിയനുള്ള പുരസ്കാരം കേരള പോലീസിന്. ഏപ്രില്‍ ആദ്യവാരം കണ്ണൂര്‍ പോലീസ് മൈതാനത്തില്‍ നടന്ന പ്രദര്‍ശനത്തിലും മികച്ച തീം സ്റ്റാളിനുളള പുരസ്കാരം കേരള പോലീസിന് ലഭിച്ചിരുന്നു.
കോഴിക്കോട് ബീച്ചില്‍ ഏപ്രില്‍ 19 ന് ആരംഭിച്ച പ്രദര്‍ശനത്തില്‍ കേരള പോലീസിന്റെ ഏഴു വിഭാഗങ്ങളാണ് ഏഴു സ്റ്റാളുകളിലായി പങ്കെടുത്തത്. ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്ക്വാഡ്, ഫിംഗര്‍ പ്രിന്റ് ബ്യൂറോ, ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, സൈബര്‍ ഡോം, ആംസ് ആന്റ് അമ്യുണിഷന്‍, ടെലികമ്യൂണിക്കേഷൻ, സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ എന്നീ വിഭാഗങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്.
വിവിധതരം ആധുനിക പോലീസ് വാഹനങ്ങളുടെ പ്രദര്‍ശനം ഒട്ടേറെപ്പേരെ ആകര്‍ഷിച്ചു. പ്രദര്‍ശന നഗരിയില്‍ ദിവസവും വൈകുന്നേരം ഒരുക്കിയ പോലീസ് നായ്ക്കളുടെ അഭ്യാസപ്രകടനങ്ങളും ശ്രദ്ധേയമായി. അക്രമികളില്‍ നിന്ന് സ്വയം രക്ഷപ്പെടുന്നതിനുള്ള പ്രതിരോധമാര്‍ഗങ്ങള്‍ കുട്ടികളെയും സ്ത്രീകളെയും പഠിപ്പിക്കുന്ന കേരള പോലീസിന്റെ വനിത സ്വയം പ്രതിരോധ വിഭാഗത്തിന്റെ സേവനം ധാരാളം പേര് പ്രയോജനപ്പെടുത്തി.
സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിനായിരുന്നു പോലീസ് പവലിയന്റെ ഏകോപനച്ചുമതല.