തിരുവനന്തപുരം: രാജ്യസഭ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ മുൻ സെക്രട്ടറിയുമായിരുന്ന എ എ റഹീമിനെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട് . കോടതി കേസ് പരിഗണിച്ചപ്പോൾ ഒന്നാം പ്രതി റഹീം അടക്കം കേസിലെ 12 പ്രതികളും കോടതിൽ ഹാജരാകാത്തതിനെ തുടർന്നാണ് കോടതി മുഴുവൻ പ്രതികൾക്കും അറസ്റ്റ് വാറണ്ട് നൽകിയത്. കേരള യൂണിവേഴ്സിറ്റി സ്റ്റുഡൻസ് സർവ്വീസസ് മേധാവിയും പ്രൊഫസറുമായ ഡോ. വിജയ ലക്ഷ്മിയെ തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട് കൻ്റെൺമെൻ്റെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് അഭിനമോൾ രാജേന്ദ്രൻ്റെതാണ് ഉത്തരവ്.
എ.എ. റഹീം, മുൻ എസ് എഫ് ഐ പ്രവർത്തകർ എസ്.അഷിദ, ആർ.അമൽ, പ്രദിൻ സാജ് കൃഷ്ണ, അബു.എസ്. ആർ,ആദർശ് ഖാൻ,ജെറിൻ,അൻസാർ.എം, മിഥുൻ മധു, വിനേഷ്.വിഎ, അപർണ ദത്തൻ, ബി.എസ്.ശ്രീന എന്നിവരാണ് കേസിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള പ്രതികൾ. നേരത്തെ സമര കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു. കേസിലെ പരാതിക്കാരിയും കേരള യൂണിവേഴ്സിറ്റി സ്റ്റുഡൻസ് സർവ്വീസസ് മേധാവിയും പ്രൊഫസറുമായ ഡോ. വിജയ ലക്ഷ്മിയുടെ എതിർപ്പിനെ തുടർന്നാണ് കോടതി സർക്കാർ നൽകിയ അപേക്ഷ തള്ളി. തുടർന്ന് പ്രതികളെ കോടതിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു.